ദുരിതം ഇരട്ടിയാക്കി തുടർചലനങ്ങൾ; തുര്‍ക്കി -സിറിയ ഭൂചലനത്തിൽ 
മരണം 3,700 കടന്നു

ദുരിതം ഇരട്ടിയാക്കി തുടർചലനങ്ങൾ; തുര്‍ക്കി -സിറിയ ഭൂചലനത്തിൽ മരണം 3,700 കടന്നു

മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
Updated on
1 min read

തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കടന്നു. തുർക്കിയിൽ മാത്രം 2,316 പേർ മരിച്ചതായും 13,000-ത്തിലധികം പേർക്ക് പരുക്കേറ്റതായും ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സിറിയയിൽ 1,444 പേർ മരിച്ചതായി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് പിന്നാലെ തുർക്കിയിൽ രണ്ട് തുടർചലനങ്ങളുമുണ്ടായി. സിറിയൻ അതിർത്തിയായ ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാമത്തെ ചലനത്തിന്റെ കേന്ദ്രം കഹ്‌റമൻമാരാഷ് പ്രവശ്യയിലെ എകിനോസുവിനടുത്തും മൂന്നാമത്തേത് ഗോക്‌സനും സമീപവുമാണുണ്ടായത്. തുടർചലനങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് തുർക്കി ദുരന്തനിവാരണ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയും അമേരിക്കയുമടക്കം 45 രാജ്യങ്ങൾ രക്ഷാ പ്രവർത്തനത്തിന് സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് ത്വയ്ബ് എർദോഗൻ അറിയിച്ചു. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ എര്‍ദോഗാനെ ഫോണില്‍ വിളിച്ച് നാറ്റോ സഖ്യ കക്ഷികളുടെ സഹായം വാഗ്ദാനം ചെയ്തു.

തുര്‍ക്കിയില്‍ ഏഴ് ദിവസത്തെ ദുഃഖാചരണത്തിന് പ്രസിഡന്റ് ആഹ്വാനം ചെയ്തു. രാജ്യത്ത് ഭൂകമ്പ ബാധിത മേഖലകളുടെ സമീപ പ്രദേശങ്ങളിലെ മാളുകളും പള്ളികളും സ്റ്റേഡിയങ്ങളുമെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. സിറിയയില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്ക് കുടിയേറിയവരാണ് മരിച്ചവരിലധികവുമെന്നാണ് സൂചന. ഭൂകമ്പത്തെ തുടര്‍ന്ന് ഗ്യാസ് പൈപ്പ് ലൈനുകള്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയില്‍ റഷ്യന്‍ പിന്തുണയുള്ള വിമത അധീന മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പകുതിയും തകര്‍ന്ന് കിടന്ന കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ പൂര്‍ണമായും നിലംപതിച്ചത്.

logo
The Fourth
www.thefourthnews.in