തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക്
തുര്‍ക്കിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. 97.95ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന് 49.37 ശതമാനവും കെമാൽ കെച്ദാറോലുവിന് 44.94 ശതമാനവും വോട്ടുകളുമാണ് ലഭിച്ചത്.
ആദ്യഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനാത്തത് കൊണ്ടാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥി 51 ശതമാനം വോട്ടുകൾ നേടിയില്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുമെന്നതാണ് തുർക്കിയിലെ തിരഞ്ഞെടുപ്പ് നിയമം. രണ്ടാംഘട്ട വോട്ടെടുപ്പ് മെയ് 28ന് നടക്കാനാണ് സാധ്യത.
തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തുവന്നപ്പോൾ എർദോഗനായിരുന്നു മുന്നിൽ. 50ശതമാനത്തിന് മുകളിലുണ്ടായിരുന്ന വോട്ട് പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു. അതേസമയം അഞ്ച് ശതമാനം മാത്രം വോട്ട് ലഭിച്ച സിനാന്‍ ഓഗന്‍ പുറത്തായി. പ്രസിഡന്റ് സ്ഥാനത്തേക്കും പാർലമെന്റിലേക്കുള്ള 600 ജനപ്രതിനിധികളെ കണ്ടെത്താനുമായി നടന്ന തിരഞ്ഞെടുപ്പിൽ 85.14 ശതമാനമായിരുന്നു പോളിങ്.
തുർക്കി ഏറ്റവും നിർണായകമായ സന്ധിയിൽ നിൽക്കവെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിനെ രാജ്യം നേരിട്ടത്. 1998ന് ശേഷം തുർക്കി സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പണപ്പെരുപ്പവും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ ജനങ്ങളെ അതിതീവ്രമായി ബാധിക്കുന്ന വിഷയങ്ങളായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ. കഴിഞ്ഞ ഇരുപത് വർഷമായി ഭരണത്തിലുള്ള എർദോഗൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ഫെബ്രുവരി ആറിന് രാജ്യത്തെ അപ്പാടെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് ശേഷം തുർക്കിയിലെ ജനത നേരിടുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണത്തേതിനുണ്ട്. 51000ത്തോളം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിൽ കൃത്യമായ ഇടപെടലുകൾ സർക്കാർ നടത്തിയില്ലെന്ന ആക്ഷേപം നിലവിലെ പ്രസിഡന്റായ എർദോഗന് നേരെ ഉയർന്നിരുന്നു. അദ്ദേഹം അതിന് ക്ഷമാപണം നടത്തുകയും മുഖം രക്ഷിക്കാനെന്നവണ്ണം ചട്ടവിരുദ്ധമായി കെട്ടിടങ്ങൾ പണിത കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് ഉറ്റുനോക്കുക കൂടിയായിരുന്നു ലോകം.
മതേതരവാദികളും ഇസ്ലാമിക് രാഷ്ട്രീയം പേറുന്നവരുമുൾപ്പെടുന്ന ആറ് പാർട്ടികളുടെ സഖ്യമായിരുന്നു എർദോഗനെ നേരിടാൻ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നത്. ആധുനിക തുർക്കിയുടെ സ്ഥാപകനും തികഞ്ഞ മതേതരവാദിയുമായ മുസ്തഫ കമാൽ അറ്റാതുർക്കിന്റെ പാർട്ടി റിപ്പബ്ലിക്കൻസ് പീപ്പിൾ പാർട്ടിയുടെ നിലവിലെ അമരക്കാരനുമായ കമാൽ കെച്ദാറോലു ആയിരുന്നു 'ടേബിൾ ഓഫ് സിക്സ്'എന്നറിയപ്പെടുന്ന സംയുക്ത സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥി. തിരഞ്ഞെടുപ്പിന് മുൻപ് വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നതും കെച്ദാറോലുവിനായിരുന്നു. പ്രധാനമന്ത്രിയിൽ നിന്ന് സർവ അധികാരങ്ങളും പ്രസിഡന്റിലേക്ക് കൈമാറിക്കൊണ്ടുള്ള എർദോഗന്റെ പുതിയ തീരുമാനം ഇല്ലാതാക്കുമെന്നതായിരുന്നു റിപ്പബ്ലിക്കൻസ് പീപ്പിൾസ് പാർട്ടി നേതാവിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. 2018ലായിരുന്നു ജനഹിത പരിശോധനയിലൂടെ എർദോഗൻ പ്രധാനമന്ത്രി സ്ഥാനം ഇല്ലാതാക്കി പ്രസിഡന്റിലേക്ക് രാജ്യത്തിന്റെ സർവ അധികാരങ്ങളും കേന്ദ്രീകരിച്ചത്.
എർദോഗന്റെ നേരെ വിപരീത വ്യക്തിത്വമാണ് കെച്ദാറോലു. യാഥാസ്ഥിക നിലപാടുകളിൽ ഊന്നിക്കൊണ്ടുള്ള ഭരണമായിരുന്നു എർദോഗൻ നടപ്പിലാക്കി കൊണ്ടിരുന്നത്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ടും ജുഡീഷ്യറിയുടെ അധികാരങ്ങൾ നിയന്ത്രിച്ചും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകർത്തും വിമത സ്വരങ്ങളെ ഇല്ലാതാക്കിയും എർദോഗൻ നടത്തിയിരുന്ന ഭരണത്തിനൊരു അന്ത്യം കുറിക്കുമെന്ന മുദ്രാവാക്യമായയായിരുന്നു കെച്ദാറോലു പ്രധാനമായും ഉയർത്തിയിരുന്നത്.
നാല് പ്രധാന സഖ്യങ്ങളായിരുന്നു തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ഹോംലാൻഡ് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്ന മുഹർറം ഇൻസെ മത്സര രംഗത്ത് നിന്ന് അതിനാടകീയമായി പിന്മാറി. പ്രതിപക്ഷ വോട്ടുകൾ വിഭജിച്ച് പോകാതിരിക്കാൻ പിന്മാറണമെന്ന് സമ്മർദമുണ്ടായിരുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ തുർക്കിക്ക് കഴിഞ്ഞില്ല എന്നായിരുന്നു ഇൻസെയുടെ വിശദീകരണം. ഇൻസെയുടെതെന്ന പേരിൽ പ്രചരിച്ച അശ്ലീല വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം തന്റെ വിശദീകരണത്തെ ന്യായീകരിച്ചത്. ഇത് പ്രതിപക്ഷ സഖ്യത്തിന് കൂടുതൽ സഹായകരമാകുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു.