തുർക്കി ഭൂകമ്പം എര്‍ദോഗനെ സ്ഥാന ഭ്രഷ്ടനാക്കുമോ?

തുർക്കി ഭൂകമ്പം എര്‍ദോഗനെ സ്ഥാന ഭ്രഷ്ടനാക്കുമോ?

മെയ് 14 ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂകമ്പം ദുരന്തം വിതച്ചത്
Updated on
2 min read

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കുന്ന തുർക്കിയില്‍ വ്യാപക ജനരോഷം നേരിട്ട് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. രാജ്യത്തുണ്ടായ അതിരൂക്ഷമായ ഭൂകമ്പത്തെ തുടർന്ന് രക്ഷാപ്രവർത്തനവും പുനർനിർമാണവും എര്‍ദോഗന് രണ്ട് ദശാബ്ദക്കാലത്തെ അധികാരത്തിനിടയിലെ ഏറ്റവും കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മെയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും എര്‍ദോഗനും പാർട്ടിക്കും ഇത് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. രാജ്യം എല്ലാ തരത്തിലും താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തും എന്നതും ആശങ്കയാണ്. രാജ്യത്ത് ഇതുവരെ 20,000ത്തോളം പേരാണ് ദുരന്തത്തില്‍ മരിച്ചത്.

തുർക്കി ഭൂകമ്പം എര്‍ദോഗനെ സ്ഥാന ഭ്രഷ്ടനാക്കുമോ?
തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണം 21,000 കടന്നു: ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്ന് യുഎന്‍

എര്‍ദോഗനും അദ്ദേഹത്തിന്‌റെ എ കെ പാര്‍ട്ടിക്കും ഏറെ സ്വാധീനമുള്ള മേഖലയാണ് ദുരന്ത ബാധിത പ്രദേശങ്ങള്‍. 8.5 കോടി ജനങ്ങളുള്ള തുര്‍ക്കിയുടെ ജനസംഖ്യയുടെ 15 ശതമാനവും ദുരന്ത ബാധിതമായ 10 പ്രവിശ്യയില്‍ നിന്ന് ഉള്ളവരാണ്. പാര്‍ലമെന്‌റില്‍ ആകെയുള്ള 600 സീറ്റില്‍ 15 ശതമാനത്തോളം വരും ഈ മേഖലയില്‍. ദിയാര്‍ബകീര്‍ പ്രവിശ്യയൊഴികെ മറ്റ് ഒൻപത് ഇടങ്ങളിലും 2018 തിരഞ്ഞെടുപ്പില്‍ എര്‍ദോഗന് അനുകൂലമായിരുന്നു ജനവിധി. ദിയാര്‍ബകീറില്‍ കുര്‍ദ് അനുകൂല പാര്‍ട്ടിയായ എച്ച്ഡിപിക്കായിരുന്നു പിന്തുണ. ദുരന്തബാധിതമേഖലയിലെ രക്ഷാപ്രവർത്തനത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ടത് അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാവിക്ക് നിർണായകമാണ്.

'വോട്ട് ചോദിച്ച് ഇവിടെ വരരുത്' എന്ന് പറഞ്ഞ് ഒരാള്‍ പ്രസിഡന്റിന് അയച്ച സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

ദുരന്തത്തോട് പ്രതികരിക്കുന്നതില്‍ അധികാരികൾ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികളും കൂടുതൽ നാശ നഷ്ടമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളും ആരോപിക്കുന്നുണ്ട്. 'വോട്ട് ചോദിച്ച് ഇവിടെ വരരുത്' എന്ന് പറഞ്ഞ് ഒരാള്‍ പ്രസിഡന്റിന് അയച്ച സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇസ്ലാമിക അടിത്തറയുള്ള തന്റെ പാർട്ടിയെ 2028 വരെ അധികാരത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു എര്‍ദോഗൻ മെയ് 14 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഭൂകമ്പത്തെ തുടർന്ന് സർക്കാരിനോടുള്ള പ്രതിഷേധം ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. അതേസമയം ദുരന്തത്തിനിടയിലും തിരഞ്ഞെടുപ്പ് മാറ്റാൻ തുർക്കി സർക്കാരിന് താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്.

ഭൂകമ്പ സാധ്യത നിലനില്‍ക്കുന്ന രാജ്യത്ത് കെട്ടിട നിർമാണങ്ങളില്‍ സർക്കാർ മതിയായ ആസൂത്രണം നടപ്പാക്കിയില്ലെന്ന് ആരോപണമുണ്ട്. അതേസമയം 2003-ൽ അധികാരത്തിലെത്തിയ ശേഷം ഭൂകമ്പങ്ങളും കാട്ടുതീയും മറ്റ് നിരവധി പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്ത സർക്കാരെന്ന നിലയില്‍ ഇതും തരണം ചെയ്യാനും ദേശീയ പിന്തുണ നേടാനും നില ശക്തിപ്പെടുത്താനും എർദോഗനും പാർട്ടിക്കും കഴിയുമെന്നും വേറൊരു വിഭാഗം അഭിപ്രായപ്പെടുന്നു. ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിൽ എർദോഗൻ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. വീഴ്ച പറ്റിയെന്ന് എർദോഗൻ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

സർക്കാരില്ല, പോലീസില്ല, പട്ടാളക്കാരില്ല, നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചു

‍ ദുരന്തം നടന്ന് ആദ്യ മണിക്കൂറുകളിൽ രക്ഷപ്പെട്ടവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ യഥാസമയം എത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കോൺക്രീറ്റ് സ്ലാബുകൾ നീക്കാനുള്ള യന്ത്രങ്ങളുടെ അഭാവവും ചിലർ ചൂണ്ടിക്കാട്ടുന്നു. “ഭൂകമ്പത്തിന്റെ രണ്ടാം ദിവസം ഉച്ചയ്ക്ക് 2:00 മണി വരെ ഇവിടെ രക്ഷാപ്രവർത്തകരെ ആരെയും കണ്ടില്ല,” അടിയമാൻ നിവാസിയായ മെഹ്‌മെത് യിൽദിരിം പറയുന്നു. 'സർക്കാരില്ല, പോലീസില്ല, പട്ടാളക്കാരില്ല, നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചു', അദ്ദേഹം ആരോപിക്കുന്നു.

Khalil Hamra

കുർദിഷ് വംശജരും സിറിയൻ അഭയാർത്ഥികളും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിച്ച ദുരന്തത്തെ നേരിടാൻ സർക്കാർ വിവേചനമില്ലാതെ പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ പര്യടനം നടത്തിയിരുന്നെന്നും ചൊവ്വാഴ്ച രാവിലെ വരെ അടിയന്തര രക്ഷാപ്രവർത്തകർ എത്തിയിരുന്നില്ലെന്നും സെന്റർ റൈറ്റ് നാഷണലിസ്റ്റ് ഐവൈഐ പാർട്ടിയുടെ സെക്രട്ടറി ജനറൽ ഉഗുർ പൊയ്‌റാസ് ആരോപിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയിൽപ്പെട്ട ആളുകളെ രക്ഷിക്കാൻ നാട്ടുകാരും പ്രാദേശിക ടീമുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറയുന്നു.

80 വർഷത്തിനിടെ തുർക്കിയിൽ ഉണ്ടായ ഏറ്റവും മോശമായ ഭൂകമ്പമെന്നായിരുന്നു ദുരന്തത്തിന് പിന്നാലെ എർദോഗൻ പ്രതികരിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം ഉഴലുന്നതിനിടെയാണ് ദുരന്തം വിതച്ച് ഭൂകമ്പം ഉണ്ടായത്. ദുരന്തത്തോടുള്ള എർദോഗൻ സർക്കാരിന്റെ പ്രതികരണം വരുന്ന തിരഞ്ഞടുപ്പില്‍ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in