ബ്ലൂ ടിക്ക് നഷ്ടമായി നേതാക്കളും താരങ്ങളും: ട്വിറ്റര്‍ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത് തുടങ്ങി
ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് ട്വിറ്റർ. ട്വിറ്ററിന്റെ പുതിയ നയം അനുസരിച്ച്, ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പേയ്‌മെന്റ് സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപയോക്താക്കൾക്ക് മാത്രമേ ബ്ലൂ ടിക്കുകൾ ഉണ്ടാകൂ. ഇതിനായി പ്രതിമാസം എട്ട് ഡോളർ (644.20 രൂപ) അടയ്ക്കണം. ഇതോടെ പോപ് ഫ്രാൻസിസ് മാർപ്പാപ്പ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ജസ്റ്റിൻ ബീബർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പൊതു വ്യക്തികൾക്കും അവരുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടു.
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെയാണ് ബ്ലൂ ടിക്കിന് പണം വാങ്ങാനുള്ള തീരുമാനം കമ്പനിയെടുത്തത്. ഇന്ത്യ, അമേരിക്ക, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ബ്രസീല്‍, ബ്രിട്ടന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, എന്നീ രാജ്യങ്ങളിലാണ് ട്വിറ്ററിന് പുതിയ സബ്‌സ്‌ക്രിപ്ഷനുകള്‍ നിലവില്‍ വന്നത്. ബ്ലൂ ടിക്ക് ചിഹ്നത്തിനായി ഒരു മാസത്തിൽ 719 രൂപയാണ് ഇന്ത്യയിൽ നൽകേണ്ടത്. അതേസമയം, ലോകമെമ്പാടുമുള്ള നിരവധി സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, പൊതു-സേവന അക്കൗണ്ടുകൾ എന്നിവയ്ക്കും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, കമ്പനികള്‍, ബ്രാന്‍ഡുകള്‍, വാര്‍ത്താ ഓര്‍ഗനൈസേഷനുകള്‍, പൊതു താത്പര്യമുള്ള മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ആധികാരികത ഉറപ്പാക്കാനും വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാനും ആയി 2009ലാണ് ട്വിറ്റർ ബ്ലൂ ടിക്ക് സംവിധാനം അവതരിപ്പിച്ചത്. എന്നാൽ ബ്ലൂടിക്കിന് പണം വാങ്ങാനുള്ള തീരുമാനം വന്നതോടെ നിരവധി വ്യാജ പ്രൊഫെെലുകൾ ട്വിറ്ററിൽ ഉണ്ടാവുകയും ഇവയ്ക്കെല്ലാം ബ്ലൂ ടിക്ക് ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു.
അതിനിടെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ നഷ്ടമായ പല പ്രമുഖ പ്രൊഫൈലുകളും പണമടച്ച് സബ്സ്ക്രിപ്ഷൻ എടുക്കില്ലെന്ന നിലപാടിലാണ്. മറ്റ് പലരും ട്വിറ്റർ വിടുമെന്നും പ്രഖ്യാപിച്ചു. സന്നദ്ധ സംഘടകളായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും NAACP ഉം ട്വിറ്റർ ബ്ലൂവിനായി പണം നൽകില്ലെന്ന് ട്വീറ്റ് ചെയ്തു. അമേരിക്കൻ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ പിന്തുടരുന്ന വാർത്താ വെബ്‌സൈറ്റായ SCOTUSblog, ട്വിറ്ററിൽ പോസ്റ്റുചെയ്യുന്നത് പൂർണമായും നിർത്തുമെന്ന് അറിയിച്ചു.