പണം അടച്ചില്ലെങ്കിൽ ഇന്ന് മുതല്‍ പണി കിട്ടും; വരിത്തുക അടയ്ക്കാത്തവരുടെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റർ
വരിത്തുക അടയ്ക്കാത്ത ഉപയോക്താക്കളുടെ ട്വിറ്റര്‍ ബ്ലൂ ടിക് ഇന്ന് മുതല്‍ നീക്കം ചെയ്യപ്പെടും. ഇതോടെ ഇന്നു മുതല്‍ ബ്ലൂ ടിക് വെരിഫിക്കിഷേന്‍ ലഭിക്കുക വരിക്കാരായ ഉപയോക്താക്കള്‍ക്കും ബിസിനസ്സുകാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ ബ്ലൂ സേവനത്തിനായി പണമടയ്ക്കുന്നതിനുള്ള അവസാന തീയതി ഇന്നാണെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
ബ്ലൂ ടിക് നീക്കം ചെയ്യുന്നതിനുളള അവസാന തിയതിയാണ് ഏപ്രില്‍ 20. ട്വിറ്ററില്‍ നിങ്ങളുടെ ബ്ലൂ ടിക് നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ബ്ലൂ സൈന്‍ ചെയ്യാവുന്നതാണ് - എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
സിനിമാ താരങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തുടങ്ങിയ പ്രശസ്തരായ വ്യക്തികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അപരന്മാരില്‍ നിന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂ ടിക് നല്‍കിയിരുന്നത്. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലൂ ടിക് നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ട്വിറ്റര്‍ ബ്ലൂ സേവനം വന്നതോടെ വരിത്തുക അടയ്ക്കുന്നവര്‍ക്ക് മാത്രമെ ബ്ലൂ ടിക് ലഭിക്കുകയുളളൂ.
ട്വിറ്റര്‍ ബ്ലൂ എന്നത് ട്വിറ്ററിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ്. ഈ സേവനം സ്വീകരിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പ്രൊഫൈലിലെ പേരിന് അടുത്തായി ബ്ലൂ ടിക്കും, കൂടാതെ ട്വിറ്ററിന്റെ ഏറ്റവും പുതിയ ഫീച്ചറുകള്‍ ആദ്യം തന്നെ ലഭിക്കുകയും ചെയ്യും. കസ്റ്റം ആപ്പ് ഐക്കണുകള്‍, ബുക്ക്മാര്‍ക്ക് ഫോള്‍ഡറുകള്‍, എന്‍എഫ്ടി പ്രൊഫൈല്‍ ചിത്രങ്ങള്‍, ട്വീറ്റ് മുപ്പത് മിനിറ്റിനുള്ളില്‍ തിരുത്തുന്നതിനുളള സംവിധാനം ഉള്‍പ്പെടെ ട്വിറ്റര്‍ ബ്ലൂ പ്രീമിയം വരിക്കാര്‍ക്ക് ലഭ്യമാകുന്നതാണ്. ട്വിറ്റര്‍ ബ്ലൂ പ്രീമിയം ഉപയോക്താക്കള്‍ക്ക് 4000 വാക്കുകള്‍ അടങ്ങുന്ന നീണ്ട ട്വീറ്റുകളും പോസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ, 60 മിനിറ്റ് ദൈര്‍ഘ്യവും 2 ജിബി വരെ സൈസുമുള്ള ഫയലുകളും അപ്ലോഡ് ചെയ്യാനും ഇവര്‍ക്ക് സാധിക്കും.
ഈ സേവനം വെബ്‌സൈറ്റ്, ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ എന്നിവയില്‍ ലഭ്യമാണ്. ട്വിറ്ററിന്റെ അറിയിപ്പ് പ്രകാരം, ഇന്ത്യയിലെ ഐഒഎസിനും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുമുള്ള പ്രതിമാസ വരിത്തുക 900 രൂപയും വെബ്ബിന് 650 രൂപയുമാണ്.