മൂന്ന് തരം നിക്ഷേപങ്ങളുള്ള പുതിയ ഗ്രാറ്റുവിറ്റി സംവിധാനവുമായി യുഎഇ; വിശദവിവരങ്ങൾ ഇങ്ങനെ
പൊതു-സ്വകാര്യ മേഖലകളിലും സ്വതന്ത്രമായും ജോലി ചെയ്യുന്നവര്‍ക്ക് നിലവില്‍ നല്‍കുന്ന ഗ്രാറ്റുവിറ്റിക്ക് ബദല്‍ സംവിധാനവുമായി യുഎഇ. ആവശ്യമെങ്കില്‍ തൊഴിലുടമകള്‍ക്കും ഗ്രാറ്റുവിറ്റി സംവിധാനത്തിന്റെ ഭാഗമാകാം.
പുതിയ പദ്ധതി പ്രകാരം സ്വകാര്യ മേഖലയില്‍ ഒരു നിക്ഷേപ, സമ്പാദ്യ ഫണ്ട് രൂപീകരിക്കും. യോഗ്യരായ തൊഴിലാളികള്‍ക്ക് നിരവധി സേവിങ്സ് പദ്ധതികളില്‍ ഗ്രാറ്റുവിറ്റി നിക്ഷേപിക്കാനുള്ള ഓപ്ഷനുമുണ്ട്. പുതിയ ഗ്രാറ്റുവിറ്റി സംവിധാനത്തില്‍ ഭാഗമാകുന്ന തൊഴിലുടമകള്‍ മാസത്തിലൊരിക്കല്‍ നിക്ഷേപം നടത്തണം.
സ്വകാര്യമേഖലകളിലും സ്വതന്ത്രമായും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ഭാഗമാകാം. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സേവിങ്സിനും നിക്ഷേപത്തിനും വേണ്ടി ഈ പദ്ധതി ഉപയോഗിക്കാം.
മൂന്ന് തരം നിക്ഷേപ രീതികളാണ് പദ്ധതിയിൽ ഉള്‍പ്പെട്ടിരിക്കുന്നത്:
1. അപകടരഹിത നിക്ഷേപം (റിസ്‌ക് ഫ്രീ ഇന്‍വെസ്റ്റ്‌മെന്റ്) - ഇത് മൂലധനത്തുക നിലനിര്‍ത്തുന്നു.
2. താഴ്ന്നതും ഇടത്തരവും ഉയര്‍ന്നതുമായ അപകട സാധ്യത നിലനില്‍ക്കുന്ന നിക്ഷേപം
3-. ശരിയ-കംപ്ലെയ്ന്റ് നിക്ഷേപം. ഇത് ഇസ്‌ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള നിക്ഷേപ രീതിയാണ്
ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഇറങ്ങുന്ന സമയത്ത് നിക്ഷേപത്തുകയോടൊപ്പം ഗ്രാറ്റുവിറ്റിയും നല്‍കും. ജീവനക്കാര്‍ മരിച്ചാൽ നോമിനിക്ക് തുക ലഭിക്കും.
യുഎഇയിലെ ഫെഡറല്‍ സംവിധാനത്തിലുള്ള ആദ്യ ഗ്രാറ്റുവിറ്റി പദ്ധതിയാണിത്. അതേസമയം പുതിയ പദ്ധതി എന്നാണ് പ്രാബല്യത്തിൽ വരികയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ പുതിയ 11 ഫെഡറല്‍ നിയമങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിലാണ് ഗ്രാറ്റുവിറ്റി പദ്ധതിയുടെ തീരുമാനങ്ങളും കൈക്കൊണ്ടത്.
ജോലിയിൽനിന്ന് വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളത്തിനുപുറമെ, സേവനകാലയളവ് കണക്കാക്കി നൽകുന്ന ആകെത്തുകയാണ് ഗ്രാറ്റുവിറ്റി. തുടര്‍ച്ചയായി ഒന്നോ അതിലധികം വര്‍ഷമോ ജോലിയില്‍ തുടരുകയാണെങ്കില്‍ മാത്രമേ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകൂ. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറൈസേഷന്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.