ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനം ഇല്ലാതാക്കി; യൂബര്‍ രണ്ടായിരം കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനം ഇല്ലാതാക്കി; യൂബര്‍ രണ്ടായിരം കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഷ്ടപരിഹാര വിധിയാണിത്
Updated on
1 min read

യൂബറിന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ടാക്‌സി, ഹയര്‍ കാര്‍ ഡ്രൈവര്‍മാര്‍ക്ക് കമ്പനി രണ്ടായിരം കോടി 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി വിധി.

വിക്ടോറിയ സുപ്രീംകോടതി ജഡ്ജി ലിസ നിക്കോളാസ് ആണ് യൂബറിന് ഭീമമായ തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഷ്ടപരിഹാര വിധിയാണിത്. ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റ് യൂബര്‍ കീഴടക്കിയതോടെ, 8,000ത്തോളം ഡ്രൈവര്‍മാര്‍ക്കാണ് വരുമാനം നഷ്ടമായത്. ഇത് ചൂണ്ടിക്കാട്ടിയാണ് മൗരിസ് ബ്ലാക്ക്‌ബേണ്‍ ലോയേഴ്‌സ് എന്ന അഭിഭാഷക സ്ഥാപനം കോടതിയെ സമീപിച്ചത്. ഡ്രൈവര്‍മാര്‍ക്കുള്ള നഷ്ടപരിഹാരം എല്ലാത്തവണയും കമ്പനി മുടക്കുകയായിരുന്നു എന്ന് ബ്ലാക്കബേണ്‍ പ്രിന്‍സിപ്പല്‍ അഭിഭാഷകന്‍ മിഖായേല്‍ ഡോണ്‍ലി പറഞ്ഞു. ഇത് ഓസ്‌ട്രേലിയന്‍ ടാക്‌സി മേഖലയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ടാക്‌സി, ഹയര്‍ കാര്‍ ഡ്രൈവര്‍മാരെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയയില്‍ യൂബര്‍ എക്‌സ് ആരംഭിച്ചതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാത്ത കാറുകളേയും ഡ്രൈവര്‍മാരേയുമാണ് കമ്പനി ഉപയോഗിച്ചത്. റെഗുലേറ്റര്‍മാരെ കബളിപ്പിച്ചെന്നും അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമ്പനി ആരംഭിക്കുന്ന സമയത്ത് ലോകത്ത് ഒരിടത്തും റൈഡ് ഷെയര്‍ നിയമം നിലവില്‍ ഇല്ലായിരുന്നു എന്നാണ് യൂബര്‍ വക്താവ് പറയുന്നത്. ഇന്ന്, എല്ലാ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും യൂബറിനെ അംഗീകരിച്ചിട്ടുണ്ട്. യൂബർ ഗതാഗത സംവിധാനങ്ങളുടെ പ്രധാന ഭാഗമാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത് ആണെന്നും യൂബര്‍ വക്താവ് അവകാശപ്പെട്ടു.

റൈഡ് ഷെയറിങ്ങിന്റെ ഉയര്‍ച്ച ഓസ്ട്രേലിയയുടെ മൊത്തത്തിലുള്ള പോയിന്റ്-ടു-പോയിന്റ് ഗതാഗത വ്യവസായത്തെ വളര്‍ത്തി. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും മെച്ചപ്പെട്ട അനുഭവങ്ങളും ഒപ്പം ലക്ഷക്കണക്കിന് ഓസ്ട്രേലിയന്‍ തൊഴിലാളികള്‍ക്ക് പുതിയ വരുമാന അവസരങ്ങളും യൂബർ നല്‍കുന്നുണ്ട്.

2018 മുതല്‍, വിവിധ സംസ്ഥാന-തല ടാക്‌സി നഷ്ടപരിഹാര പദ്ധതികളിലേക്ക് യൂബര്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യൂബര്‍ ഉപയോഗിക്കുന്ന കോടിക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇനിയും സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in