ഉഗാണ്ടയില്‍ ഭീകരാക്രമണം, സ്കൂളിന് തീയിട്ടു; വിദ്യാര്‍ഥികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

ഉഗാണ്ടയില്‍ ഭീകരാക്രമണം, സ്കൂളിന് തീയിട്ടു; വിദ്യാര്‍ഥികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

പോണ്‍വെയിലെ ലൂബിറിഹ സെക്കന്‍ഡറി സ്‌കൂളിലാണ് ഭീകരരര്‍ ആക്രണമണം നടത്തിയത്
Updated on
2 min read

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്‌കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും വിദ്യാര്‍ഥികളാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പോണ്‍വെയിലെ ലൂബിറിഹ സെക്കന്‍ഡറി സ്‌കൂളിലാണ് ഭീകരരര്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടടുത്താണ് ആക്രമണം അരങ്ങേറിയത്. 60 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മുക്കാല്‍ ഭാഗം വിദ്യാര്‍ഥികളും സ്‌കൂളില്‍ തന്നെയാണ് താമസിക്കുന്നത്. സ്‌കൂളിലെ ഡോര്‍മെറ്ററിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളും. സ്‌കൂളിന്റെ ഡോര്‍മെറ്ററിയ്ക്ക് തീയിട്ട ഭീകരവാദികള്‍ ഭക്ഷണശാലയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടടിക്കുകയും ചെയ്‌തെന്നും പോലീസ് പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. എന്നാല്‍ സ്‌കൂളില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ചില മൃതശരീരങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചെന്നും ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് വരെ ആവശ്യമായി വരുമെന്നും പോലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. അക്രമികള്‍ പ്രദേശത്ത് ബോംബേറടക്കം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സ്കൂള്‍ ആക്രമിച്ച ഭീകരവാദികളെ കണ്ടെത്തുന്നതിനും തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിയുന്നതിനും സൈന്യം ഉഗാണ്ടയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. വിമാനങ്ങള്‍ വിന്യസിച്ചും സൈന്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഉഗാണ്ട സൈന്യവും ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയും (ഡിആര്‍സി) സംയുക്തമായാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. കോംഗോ അതിര്‍ത്തിയില്‍ നിന്നും 1.25 മൈല്‍ അകലെയാണ് ആക്രമണം നടന്ന സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആദ്യമായി ഉണ്ടാകുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് എഡിഎഫ് അധവ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്. ഈ സംഘം മുന്‍പും സ്‌കൂളുകള്‍ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്. സ്‌കൂളുകള്‍ കത്തിച്ച് വിദ്യാര്‍ഥികളെ കൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമാണ് ഇവരുടെ രീതി .1998 ജൂണില്‍ സമാന രീതിയില്‍ 80 വിദ്യാര്‍ഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കിച്ച്വാംബ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്. അന്ന് നൂറിലധികം വിദ്യാര്‍ത്ഥികളെ സംഘം തട്ടിക്കൊണ്ടുപോയി.

1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ ഉഗാണ്ടന്‍ സൈന്യം രാജ്യത്ത് നിന്ന് തുരത്തിയിരുന്നു. ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയുമായിരുന്നു. 2001-ല്‍ ഉഗാണ്ടന്‍ സൈന്യത്തോട് പരാജയപ്പെട്ടതിന് ശേഷം, സംഘത്തിന്റെ പ്രവര്‍ത്തനം ഡിആര്‍സിയിലെ വടക്കന്‍ കിവു പ്രവിശ്യയിലേക്ക് മാറി.

സംഘത്തിന്‍റെ പ്രധാന സ്ഥാപകനായ ജമില്‍ മകുലു 2015 ല്‍ ടാന്‍സാനിയയില്‍ വച്ച് അറസ്റ്റിലായി ഇപ്പോള്‍ ഉഗാണ്ടന്‍ ജയിലില്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡിആര്‍സിക്കുള്ളില്‍ നിന്ന് എഡിഎഫ് വിമതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2019 ഏപ്രിലിലാണ് ഐഎസ് ആദ്യമായി പ്രദേശത്ത് സാന്നിധ്യം അറിയിക്കുന്നത്. 2021-ല്‍ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ എഡിഎഫ് ആണെന്നാണ് ഉഗാണ്ട ആരോപിക്കുന്നത്.

logo
The Fourth
www.thefourthnews.in