യുകെയിൽ ചരിത്ര മുന്നേറ്റവുമായി ലേബർ പാർട്ടി; ഋഷി സുനക്കും പാർട്ടിയും വൻ തോൽവിയിലേക്ക്
യുകെ പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തുടർച്ചയ്ക്ക് അന്ത്യമാകുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവേ ചരിത്ര മുന്നേറ്റമാണ് ലേബര്‍ പാര്‍ട്ടി നടത്തുന്നത്.. 650 അംഗ പാർലമെന്റിൽ 410 സീറ്റിന്റെ ഭൂരിപക്ഷമാണ് കെയിർ സ്റ്റാമർ നയിക്കുന്ന ലേബർ പാർട്ടിക്ക് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എതാണ്ട് ഈ പ്രചവനം ശരിവയ്ക്കുന്ന തരത്തിലാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം 2019ൽ 365 സീറ്റ് നേടിയ കൺസർവേറ്റിവ് പാർട്ടി ഇത്തവണ 131ലേക്ക് ഒതുങ്ങുമെന്ന് പോൾ ഫലങ്ങൾ പറയുന്നു. നിലവിൽ പുറത്തുവന്ന ഫലങ്ങളിൽ മിക്കതിലും ലേബർ പാർട്ടിയാണ് വിജയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുകെയിൽ ഉടനീളം വോട്ടെടുപ്പ് നടന്നത്. ലേബർ പാർട്ടി ജയിക്കുകയാണെങ്കിൽ കെയിർ സ്റ്റാമർ ആയിരിക്കും പുതിയ യുകെ പ്രധാനമന്ത്രി. പാർട്ടിയിൽ വിശ്വാസമർപ്പിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും സമൂഹമാധ്യമത്തിലൂടെ സ്റ്റാമർ നന്ദിയും അറിയിച്ചു. "ഞങ്ങൾക്ക് വോട്ട് ചെയ്യുകയും ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത എല്ലാവർക്കും" സ്റ്റാർമർ നന്ദി കുറിച്ചു. കൺസർവേറ്റിവ് പാർട്ടിയുടെ പ്രകടനത്തെ 'കൂട്ടക്കൊല' എന്നാണ് സ്കോട്ടിഷ് ടോറി മുൻ നേതാവ് റൂത്ത് ഡേവിഡ്‌സൺ വിശേഷിപ്പിച്ചത്