ഋഷി സുനക്
ഋഷി സുനക്

ലിസ് ട്രസിനെതിരെ സുനകിന് അടിപതറിയതെങ്ങനെ?

1978ല്‍ ലേബര്‍ പാര്‍ട്ടിയുടെ ഡെനീസ് ഹീലിക്കുശേഷം ഇപ്സോസ് മോറി സര്‍വേയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഭിച്ച വ്യക്തിയായിരുന്നു സുനക്
Updated on
2 min read

ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് കല്‍പ്പിച്ചിരുന്ന സാധ്യതകളെല്ലാം തട്ടത്തെറിപ്പിച്ചുകൊണ്ടാണ് മുന്‍ വിദേശകാര്യ മന്ത്രിയായ ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാന വോട്ടെടുപ്പിലാണ് ലിസ് ട്രസ് ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായത്. എന്നാല്‍ ഋഷി സുനകില്‍ നിന്ന് ശക്തമായ മത്സരമാണ് ലിസ് ട്രസ് നേരിട്ടത്. 81,326 വോട്ടുകള്‍ ലിസ് നേടിയപ്പോള്‍ 60,399 വോട്ടുകളാണ് സുനകിന് ലഭിച്ചത്.

സുനകിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെയും ലിസ് ട്രസിനെ ഭയപ്പെടുത്തിയിരുന്നു

യോര്‍ക് ഷയറിലെ റിച്ച് മൗണ്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് 2015ലാണ് സുനക് ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമാകുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ അതിവേഗം നേതൃസ്ഥാനത്തേക്ക് ഉയരുകയും പിന്നിട് ബോറിസ് സര്‍ക്കാരില്‍ ധനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. 2020 സെപ്റ്റംബറില്‍ നടന്ന ഇപ്സോസ് മോറി സര്‍വേയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സുനകിന് ലഭിച്ചു. 1978ല്‍ ലേബര്‍ പാര്‍ട്ടിയുടെ ഡെനീസ് ഹീലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന വ്യക്തിയായിരുന്നു സുനക്.

സുനകിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെയും ലിസ് ട്രസിനെ ഭയപ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ നടത്തിയ സര്‍വേ പ്രകാരം വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും അടിയന്തര പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ലിസ് ട്രസ് പ്രാപ്തയല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 43ശതമാനം പേരും വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം സുനകിന്റെ വിജയത്തിന്റെ സൂചനയാണ് നല്‍കിയിരുന്നത്.

ബോറിസ് ജോണ്‍സണെ തളളി ഭരണത്തില്‍ നിന്ന് പുറത്തുവന്നതോടെയാണ് സുനകിന് ലഭിച്ചിരുന്ന പിന്തുണ കുത്തനെ കുറഞ്ഞത്.

യുകെ സര്‍ക്കാരില്‍ അംഗമായിരിക്കെ നികുതി, വിലക്കയറ്റം, എന്നീ പ്രശ്‌നങ്ങളില്‍ സുനകിന്റെ ഇടപെടലില്‍ ജനങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ നിയമ ലംഘനം പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അകപ്പെട്ടിരുന്നെങ്കിലും സുനകിന്റെ ജനപ്രീതിയില്‍ ഒട്ടും കുറവ് വന്നിരുന്നില്ല.

ബോറിസ് ജോണ്‍സണെ തളളി ഭരണത്തില്‍ നിന്ന് പുറത്തുവന്നതോടെയാണ് സുനകിന് ലഭിച്ചിരുന്ന പിന്തുണ കുത്തനെ കുറഞ്ഞത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് സുനകും ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവെച്ചത്. സുനകിന്റെ ഈ നീക്കം ടോറികളുടെ അപ്രീതി പിടിച്ചുപറ്റുകയും വോട്ടുചെയ്യാന്‍ യോഗ്യരായ 200,000 ടോറി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേകളില്‍ ലിസ് ട്രസിന്റെ മുന്‍തൂക്കം വ്യക്തമാകുകയും ചെയ്തിരുന്നു. ഇതാണ് സുനകിന് തിരിച്ചടിയായത്.

മുന്‍വര്‍ഷങ്ങളിലെല്ലാം 60ശതമാനത്തിനു മുകളില്‍ ഭൂരിപക്ഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ വന്ന കുറവ് സുനകില്‍ നിന്നേറ്റ ശക്തമായ മത്സരവും, അദ്ദേഹത്തിന്റെ ജനപ്രീതിയും വ്യക്തമാക്കുന്നതായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്ന വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യ വ്യക്തിയായേനെ 42 കാരനായ സുനക്.

വെറും വാക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥാനാര്‍ത്ഥിയാകില്ലെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബ്രിട്ടന്‍ ബോറിസിന്റെ പിന്‍ഗാമിയെ തേടിയത്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതായിരിക്കും ലിസ് ട്രസ് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി.

logo
The Fourth
www.thefourthnews.in