പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും പ്ലാറ്റ് ഫോമില്‍ സജീവം; ടിക് ടോക്കിന് യു കെയില്‍ പിഴ

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും പ്ലാറ്റ് ഫോമില്‍ സജീവം; ടിക് ടോക്കിന് യു കെയില്‍ പിഴ

2020ലെ നിയമം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത 10 ലക്ഷത്തിലധികം കുട്ടികള്‍ ടിക് ടോക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
Updated on
1 min read

കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സ്വകാര്യത സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി യു കെയിലും ടിക്ടോക്കിന് പിഴ. ഡേറ്റ സംരക്ഷണ നിയമ പ്രകാരം 1.59 കോടി രൂപയാണ് പിഴചുമത്തിയത്. 2020ലെ നിയമം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത 10 ലക്ഷത്തിലധികം കുട്ടികള്‍ ടിക് ടോക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായും വീഡിയോകള്‍ പങ്കുവച്ചതായും ചൂണ്ടിക്കാട്ടിയാണ് നടപടി. 2018 മെയ് മുതല്‍ 2020 ജൂലൈ വരെയുള്ള നിയമ ലംഘനങ്ങള്‍ക്കാണു പിഴ.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീഡിയോ പ്ലാറ്റ് ഫോമില്‍നിന്ന് നീക്കം ചെയ്യാനുള്ള നടപടിയിലും ടിക് ടോക്ക് പരാജയപ്പെട്ടു

ഏതുപ്രായക്കാര്‍ക്കാണ് കാര്യക്ഷമമായ രീതിയില്‍ വീഡിയോ ഉപയോഗിക്കാനാവുകയെന്ന് വിലയിരുത്തുന്നതില്‍ ടിക് ടോക്ക് പരാജയപ്പെട്ടതായി ലണ്ടന്റെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ഓഫീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീഡിയോ പ്ലാറ്റ് ഫോമില്‍നിന്ന് നീക്കം ചെയ്യുന്നതിലും ടിക് ടോക്ക് പരാജയപ്പെട്ടു. ഉപയോക്താവ് ശരിയായ രീതിയില്‍ എങ്ങനെയാണ് ഡേറ്റ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാനും ടിക് ടോക്കിന് സാധിച്ചില്ല.

കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ അറിയാമായിരുന്നിട്ടും ടിക് ടോക്കിന് വീഴ്ച സംഭവിച്ചു

''നമ്മുടെ കുട്ടികള്‍ ഭൗതിക ലോകത്തെക്കുറിച്ചെന്ന പോലെ ഡിജിറ്റല്‍ ലോകത്തും സുരക്ഷിതരാണെന്ന് ഉറപ്പുനല്‍കണം,'' ലണ്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായ ജോണ്‍ എഡ്വേര്‍ഡ് പറഞ്ഞു. ടിക് ടോക്കിന് കാര്യങ്ങള്‍ നന്നായി അറിയാമായിരുന്നു. ഇതിലും ഭംഗിയായി അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നിട്ടും വീഴ്ച സംഭവിച്ചു. അതിനാലാണ് ഇത്രയും വലിയ തുക പിഴയിട്ടത്. ഐസിഒ വ്യക്തമാക്കി. ഐസിഒ ചുമത്തിയ ഏറ്റവും വലിയ പിഴകളില്‍ ഒന്നാണിത്.

അതേസമയം, ഐസിഒയുടെ വാദങ്ങള്‍ തള്ളി ടിക് ടോക്ക് തന്നെ രംഗത്തെത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പ്ലാറ്റ് ഫോമില്‍നിന്ന് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പ്ലാറ്റ് ഫോമിന്റെ സുരക്ഷിതമായ നടത്തിപ്പിന് നാൽപ്പതിനായിരത്തോളം വരുന്ന സുരക്ഷാ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐസിഒയുടെ വാദങ്ങള്‍ ശരിയല്ലെന്നുമാണ് ടിക് ടോക്കിന്റെ നിലപാട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ ടിക് ടോക്ക് നിരോധിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ വിശദമായ പരിശോധനകള്‍ക്കുശേഷമായിരുന്നു തീരുമാനം. അമേരിക്ക, ബ്രിട്ടണ്‍, ന്യൂസിലന്‍ഡ്, കാനഡ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ കമ്മിഷനും സര്‍ക്കാര്‍ ഡിവൈസുകളില്‍ ടിക് ടോക് നിരോധിച്ചിട്ടുണ്ട്. ഇന്ത്യ നേരത്തെ തന്നെ ആപ്പ് പൂര്‍ണമായി നിരോധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in