കുടിയേറ്റ നിയമങ്ങൾ വീണ്ടും കർശനമാക്കി യുകെ; കുടുംബ വിസ ലഭിക്കണമെങ്കിൽ ബുദ്ധിമുട്ടേറെ
രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി യു കെ. ഒരാൾക്ക് ഫാമിലി വിസ ലഭിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് 29000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വന്നു. നേരത്തെ കുറഞ്ഞ വരുമാന പരിധി 18600 പൗണ്ട് ആയിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയർത്തിയത്. കുടിയേറ്റം കുറയ്ക്കാനുള്ള ഋഷി സുനക് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നിയമം.
പ്രതിവർഷം 7,45,000 എന്ന നിലയിൽനിന്ന് മൂന്ന് ലക്ഷത്തിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. ഇപ്പോൾ 29000 പൗണ്ട് ആണ് പരിധി നിശ്ചയിച്ചിരിക്കുന്നതെങ്കിൽ 2025ൽ 38700 പൗണ്ട് ആയി വീണ്ടും വർധിപ്പിക്കും. ഇങ്ങനെ ഘട്ടങ്ങളായി കുടിയേറ്റം നിയന്ത്രണവിധേയമാക്കാനാണ് യുകെ സർക്കാർ പദ്ധതിയിടുന്നത്. നേരത്തെ സ്റ്റുഡന്റ് വിസകളിലും കർശനമായ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. കൂട്ടമായുള്ള കുടിയേറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്ന് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി പ്രതികരിച്ചിരുന്നു. ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ തലത്തിലേക്ക് കുടിയേറ്റ സംഖ്യ വെട്ടിക്കുറയ്ക്കാൻ ലളിതമായ പരിഹാരമാർഗങ്ങൾ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുകെയിൽ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നാണ് കുടിയേറ്റം. ഇതുവരെയുള്ള സർവേ അനുസരിച്ച് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി വലിയ പരാജയം നേരിടാനാണ് സാധ്യത. അതിനെ മറികടക്കാൻ കൂടി ഉദ്ദേശിച്ചാണ് പുതിയ കുടിയേറ്റ നിയമങ്ങളെന്ന് വിലയിരുത്തലുകളുണ്ട്. സമ്പാദ്യവും തൊഴിലിൽ നിന്നുള്ള വരുമാനവും ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ കുറഞ്ഞ വരുമാന പരിധിയെന്ന മാനദണ്ഡം നിറവേറ്റാനാകും.
2023 ഡിസംബറിൽ വൈദഗ്ധ്യമുള്ള തൊഴിൽ വിസകൾക്കുള്ള മിനിമം ശമ്പളത്തിൽ ഗണ്യമായ വർധനവ്, വിദ്യാർഥികൾക്കുള്ള കർശന നിയന്ത്രണങ്ങൾ, ദേശീയ ആരോഗ്യ സേവനം ഉപയോഗിക്കുന്ന വിദേശികൾക്കുള്ള ആരോഗ്യ സർചാർജിൽ ഗണ്യമായ വർധനവ് എന്നിവയും നടപ്പിലാക്കിയിരുന്നു.