വജ്ര ഇറക്കുമതിക്ക് നിരോധനം; റഷ്യക്കെതിരെ പുതിയ ഉപരോധവുമായി ബ്രിട്ടൻ
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ പുതിയ നീക്കവുമായി ബ്രിട്ടണ്‍. റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാന്‍ ആണ് ബ്രിട്ടണിന്റെ നീക്കം. റഷ്യയിൽ നിന്നുള്ള ചെമ്പ്, അലുമിനിയം, നിക്കൽ എന്നിവയുടെ ഇറക്കുമതിയും നിരോധിക്കും. ഈ വർഷാവസാനം ഇത് സംബന്ധിച്ച നിയമം അവതരിപ്പിക്കുാനാണ് യുകെ പദ്ധതിയിടുന്നത്. 2021 ലെ കണക്കുപ്രകാരം 4 ബില്യൺ ഡോളർ മൂല്യമുള്ളതാണ് റഷ്യയില്‍ നിന്നുള്ള വജ്ര കയറ്റുമതി വ്യവസായം.
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെ ഹിരോഷിമായിലേക്ക് തിരിക്കുന്നന്നതിന് മുന്‍പായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമവും ബലപ്രയോഗവും ഒന്നിനും പരിഹാരമല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സൈനിക വ്യവസായത്തെ കൂടി ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് നീക്കമെന്നാണ് ഉപരോധത്തെ വിലയിരുത്തുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 86 വ്യക്തികളും കമ്പനികളെയും ബ്രിട്ടൻ ലക്ഷ്യമിടുന്നതായും ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഊർജ്ജം, ലോഹങ്ങൾ, ഷിപ്പിംഗ് വ്യവസായ മേഖലയിലെ ചിലരും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 18 ബില്യൺ പൗണ്ടിലധികം വരുന്ന ആസ്തി റഷ്യൻ ഉപരോധത്തിന്റെ ഭാഗമായി യുകെ ഇതുവരെ മരവിപ്പിച്ചിട്ടുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന് റഷ്യക്ക് ധനസഹായം നൽകുന്ന 275 ബില്യൺ പൗണ്ട് വിലമതിക്കുന്ന പുടിന്റെ ഏകദേശം 60 ശതമാനത്തിലധികം വഴികളും അടഞ്ഞ് കഴിഞ്ഞെന്നും യുകെ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.
യുഎസും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ സമാന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ വജ്രങ്ങൾ, സീഫുഡ്, വോഡ്ക എന്നിവ നിരോധിക്കാൻ നീക്കം നടത്തിയിരുന്നു. യുക്രെയ്നെ യുദ്ധത്തിൽ സഹായിക്കാനായി ബ്രിട്ടൻ, അമേരിക്ക, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള സ്വർണ്ണത്തിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.
ജപ്പാനിലെ ഹരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധവും സാമ്പത്തിക സുരക്ഷയും അജണ്ടയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസിത ജനാധിപത്യ രാജ്യങ്ങളായ ജപ്പാൻ, അമേരിക്ക, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഇറ്റലി എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഉച്ചകോടിയിൽ റഷ്യക്കെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തും എന്നും കരുതുന്നു. കഴിഞ്ഞ ദിവസം യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യുക്രെയ്ൻ സന്ദർശിച്ച ഋഷി സുനക് രാജ്യത്തിന് കൂടുതൽ ദീർഘദൂര മിസൈലുകൾ വാഗ്ദാനം ചെയ്‌തിരുന്നു.