വെടിനിർത്തല്‍ റഷ്യയുടെ തന്ത്രം, സൈനികമുന്നേറ്റം തടയാനുള്ള  ശ്രമമെന്ന് യുക്രെയ്ൻ

വെടിനിർത്തല്‍ റഷ്യയുടെ തന്ത്രം, സൈനികമുന്നേറ്റം തടയാനുള്ള ശ്രമമെന്ന് യുക്രെയ്ൻ

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയുടെ ക്രിസ്മസ് പ്രമാണിച്ച് വെള്ളിയാഴ്ച മുതൽ 36 മണിക്കൂർ വെടിനിർത്തലാണ് പുടിൻ പ്രഖ്യാപിച്ചത്
Updated on
1 min read

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള റഷ്യയുടെ വെടിനിർത്തല്‍ പ്രഖ്യാപനം നിരസിച്ച് യുക്രെയ്ൻ. ക്രിസ്ത്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വ്ളാദിമർ പുടിൻ പ്രഖ്യാപിച്ച വെടിനിർത്തല്‍ യുക്രെയ്ന്റെ സൈനികമുന്നേറ്റം തടയാനുള്ള ശ്രമമാണെന്ന് പ്രസിഡന്റ് വ്ളോദിമർ സെലൻസ്കി ആരോപിച്ചു. കിഴക്കൻ ഡോൺബാസ് മേഖലയിൽ യുക്രെയ്‌ൻ മുന്നേറ്റം തടയാനും കൂടുതൽ സൈനികരെയും ആയുധങ്ങളും കൊണ്ടുവരാനുമായി മറ സൃഷ്ടിക്കാനുള്ള തന്ത്രമാണ് റഷ്യയുടേതെന്നാണ് സെലൻസ്കിയടെ ആരോപണം.

വെള്ളിയാഴ്ച മുതൽ 36 മണിക്കൂർ വെടിനിർത്തലാണ് പുടിൻ പ്രഖ്യാപിച്ചത്. യുക്രൈനിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയുടെ ക്രിസ്മസ് പ്രമാണിച്ച് വ്യഴാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ ശനിയാഴ്ച അര്‍ദ്ധരാത്രി വരെ വെടി നിർത്താൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് പ്രസിഡന്റ് വ്ളാദിമര്‍ പുടിൻ ഉത്തരവ് നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രതികരണം അറിയിക്കാൻ പുടിൻ യുക്രെയ്നോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയിലും യുക്രെയ്‌നിലും താമസിക്കുന്ന ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ജനുവരി 6-7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

റഷ്യയിലും യുക്രെയ്‌നിലും താമസിക്കുന്ന ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ജനുവരി 6-7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്

പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ വിശ്വാസികളെ അനുവദിക്കുന്നതിനായി പാത്രിയാർക്കീസ്, ​​കിറിൽ നേരത്തെ ക്രിസ്‌മസ് ഉടമ്പടി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് വ്യാഴാഴ്ചയാണ് ഇരുകൂട്ടരോടും ക്രിസ്മസ് ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. അഭ്യര്‍ഥന കണക്കിലെടുത്ത് വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നുവെന്നായിരുന്നു പുടിന്റെ പ്രതികരണം. ഇതുസംബന്ധിച്ച് പുടിന്‍ വ്യാഴാഴ്ച തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി ചര്‍ച്ച നടത്തിയിരുന്നു.

യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തണമെന്നായിരുന്നു ചര്‍ച്ചയ്ക്കിടെ പുടിൻ ആവശ്യപ്പെട്ടത്. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രെയ്ന്‍ അംഗീകരിക്കണമെന്നും പുടിന്‍ പറഞ്ഞു. എര്‍ദോഗനുമായി നടന്ന ഫോണ്‍ സംഭാഷണത്തിലാണ് പുടിൻ നിര്‍ദേശം മുന്നോട്ടുവച്ചത്. കൃത്യമായ പദ്ധതിയോട് കൂടിയാണ് റഷ്യയുടെ സൈനിക നടപടിയെന്നും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രെയ്ന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞു.

യുക്രെയ്നുള്ള ആയുധ പാക്കേജിൽ 50 ബ്രാഡ്‌ലി യുദ്ധ വാഹനങ്ങൾ കൂടി അമേരിക്ക ഉൾപ്പെടുത്തുന്നതായി റിപ്പോർട്ട്

അതേസമയം, വിന്നിറ്റ്‌സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രെയിന്‍ ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് ആരോപണം. അതിനിടെ യുക്രെയ്നുള്ള ആയുധ പാക്കേജിൽ 50 ബ്രാഡ്‌ലി യുദ്ധ വാഹനങ്ങൾ കൂടി അമേരിക്ക ഉൾപ്പെടുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ബ്രാഡ്‌ലി യുദ്ധ വാഹനങ്ങൾ അയയ്ക്കുന്നത് പരിഗണിക്കുന്നതായി ബുധനാഴ്ച പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in