ഫയൽ ചിത്രം
ഫയൽ ചിത്രം

യുക്രൈനിൽ അടിപതറി റഷ്യ : യുദ്ധം പുതിയ വഴിത്തിരിവിലേക്ക്

യുക്രെയ്ന്‍ സേന വിവിധ മേഖലകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് സെലന്‍സ്‌കി
Updated on
2 min read

ആറു മാസം പിന്നിടുന്ന യുക്രെയ്ന്‍ അധിനിവേശത്തില്‍, ഒടുവില്‍ റഷ്യൻ സൈന്യത്തിന് അടിപതറുന്നു; റഷ്യ - യുക്രെയ്ന്‍ യുദ്ധം പുതിയൊരു വഴിത്തിരിവിലേക്ക് കടന്നിരിക്കുന്നു. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുക്രെയ്ന്‍ സൈന്യം പ്രത്യാക്രമണങ്ങളിലൂടെ രാജ്യം തിരിച്ചുപിടിച്ച് തുടങ്ങി. യുക്രെയ്ന്‍ പ്രത്യാക്രമണം നേരിടാനാകാതെ തന്ത്രപ്രധാന നഗരങ്ങളടക്കം ഉപേക്ഷിച്ച് റഷ്യൻ സൈന്യം പിൻവാങ്ങുകയാണ്. ഓഗസ്റ്റ് 24ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ യുക്രെയ്ന്‍ ജനതയ്ക്ക് പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി നൽകിയ വാഗ്ദാനമായിരുന്നു റഷ്യയില്‍ നിന്നുള്ള രാജ്യത്തിന്റെ മോചനം.

പ്രധാന ലോജിസ്റ്റിക് ക്യാമ്പുകളിൽ ഒന്നായിരുന്ന ഇസിയം നഷ്ടമായതോടെ മേഖലയില്‍ റഷ്യയുടെ പിന്മാറ്റം സ്ഥിരീകരിക്കപ്പെടുകയാണ്

കഴിഞ്ഞ രണ്ടു മാസം റഷ്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത തിരിച്ചടികളുടേതായിരുന്നു . ചെറിയ ചെറിയ പരാജയങ്ങൾക്കൊടുവിൽ ഹാർകീവിലെ ബാലാക്ലിയയും ഇസിയവും റഷ്യക്ക് നഷ്ടമായി. 2022 മാർച്ചിൽ കീവിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിന് ശേഷം യുദ്ധമുഖത്ത് റഷ്യ നേരിട്ട ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണ് ഇത്. ഡോനെറ്റ്‌സ്‌കും ലുഹാൻസ്കും അടങ്ങുന്ന ഡോൺബാസ് മേഖലയിൽ മാസങ്ങൾ നീണ്ട ആക്രമണം നടത്താനായി റഷ്യ ക്യാമ്പ് ചെയ്തിരുന്നത് ഇസിയത്തിലാണ്. പ്രധാന ലോജിസ്റ്റിക് ക്യാമ്പുകളിൽ ഒന്നായിരുന്ന ഇസിയം നഷ്ടമായതോടെ റഷ്യയുടെ പിന്മാറ്റം സ്ഥിരീകരിക്കപ്പെടുകയാണ്. റഷ്യന്‍ സൈനികര്‍ വെടിമരുന്ന് ശേഖരവും ആയുധങ്ങളും ഉപേക്ഷിച്ചാണ് ഈ മേഖലകളില്‍ നിന്നും പലായനം ചെയ്യുന്നത്. ഡസൻ കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ദിവസങ്ങള്‍ക്കകം യുക്രെയ്ന്‍ സേന മോചിപ്പിച്ചു. ഹര്‍കീവിലെ 30ലേറെ ജനവാസ മേഖലകളാണ് രണ്ടാഴ്ചയ്ക്കിടെ തിരിച്ചുപിടിച്ചത്. ഹർകീവ് മുഴുവനായും യുക്രൈൻ തിരിച്ചു പിടിച്ചതായുള്ള സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളും ഉണ്ട്.

റഷ്യന്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തിരുന്ന 3000 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം തിരിച്ച് പിടിച്ചതായാണ് വീഡിയോ സന്ദേശത്തിലൂടെ യുക്രെയ്ന്‍ സൈന്യം അറിയിച്ചത്. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും യുക്രെയ്ന്‍ മുന്നേറ്റമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം തന്നെ റഷ്യയ്‌ക്കെതിരായ പ്രത്യാക്രമണത്തില്‍ 2000 ചതുരശ്ര കിലോമീറ്റര്‍ പിടിച്ചെടുത്തതായി പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കിയും വ്യക്തമാക്കി. ഇസിയത്തിലും കുപിയാന്‍സ്‌കിലെ സിറ്റി ഹാളിന് മുന്നിലും യുക്രെയ്ന്‍ സൈനികര്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് ഈ മേഖലയില്‍ നിന്ന് റഷ്യ പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.

റഷ്യ തിരിച്ചടി നേരിടുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. യുദ്ധം ആരംഭിച്ച് ഒരു മാസത്തിനകം റഷ്യ കീഴടക്കിയ ഖെര്‍സണ്‍ യുക്രെയ്ന്‍ ആദ്യം തന്നെ തിരിച്ചുപിടിച്ചത്. റഷ്യ പിടിച്ചെടുത്ത രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളെ സ്വതന്ത്രമാക്കുന്നതിന്റെ ആദ്യ മുന്നേറ്റമായിരുന്നു ഖെര്‍സണിന്റെ വിജയം.

റഷ്യ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നു: ഹര്‍കീവ് ഗവര്‍ണര്‍

റഷ്യ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ അട്സ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത് എന്ന് ഹര്‍കീവ് മേഖലയുടെ ഗവര്‍ണര്‍ കുറ്റപ്പെടുത്തി. റഷ്യന്‍ ഇടപെടലുകളുടെ ഫലമായി ഹര്‍കീവ് ഉള്‍പ്പെടെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ചെക്‌പോസ്റ്റുകള്‍ തിരിച്ച് പിടിച്ച് യുക്രൈന്‍

റഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള ഹോപ്റ്റിവ്ക ചെക്പോസ്റ്റിന്റെ നിയന്ത്രണം തിരിച്ച് പിടിച്ചതായി യുക്രെയ്ന്‍. സേനയുടെ 130-ാം ബറ്റാലിയന്‍ റഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള ഹോപ്റ്റിവ്ക ചെക്പോസ്റ്റില്‍ എത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ യുക്രൈ്ന്‍ പ്രതിരോധ മന്ത്രാലയം ഈ ട്വീറ്റ് ചെയ്തു.

പിന്‍മാറ്റം സ്ഥിരീകരിച്ച് റഷ്യന്‍ സൈനിക ഭൂപടം

യുക്രെയ്നിലെ വിവിധ ഇടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചത് സ്ഥിരീകരിക്കുകയാണ് റഷ്യയുടെ സൈനിക ഭൂപടം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പുറത്ത് വിട്ട സൈനിക ഭൂപടമനുസരിച്ച് യുക്രെയ്‌നിന്റെ വടക്കുകിഴക്കന്‍ ഹര്‍കീവ് മേഖലയില്‍ നിന്ന് റഷ്യന്‍ സൈന്യം വലിയ തോതില്‍ പിന്‍വാങ്ങിയെന്ന് വ്യക്തമാകുന്നു. മന്ത്രാലയത്തിന്റെ ദൈനംദിന ബ്രീഫിംഗിന്റെ വീഡിയോയുടെ ഭാഗമായുള്ള രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കിഴക്ക്, ഓസ്‌കില്‍ നദിക്ക് പിന്നില്‍ റഷ്യയുടെ നിയന്ത്രണം നിലനില്‍ക്കുകയും ചെയ്യുന്നു.

റഷ്യക്ക് സഖ്യകക്ഷികളുടെ വിമര്‍ശനം

യുക്രെയ്നിലെ റഷ്യന്‍ പിന്‍മാറ്റത്തെ വിമര്‍ശിച്ച് സഖ്യകക്ഷികള്‍. ചെച്‌നിയയിലെ നേതാവ് റംസാന്‍ കാദിറോവ് ആണ് വിമര്‍ശനം ഉന്നയിച്ചത്. പ്രത്യേക സൈനിക നടപടിയുടെ നടത്തിപ്പില്‍ ഉടന്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് കാദിറോവ് വിമര്‍ശനം ഉന്നയിച്ചത്.

'നിശബ്ദത' തുടര്‍ന്ന് മോസ്‌കോ

ഇപ്പോഴത്തെ സാഹചര്യം റഷ്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ റഷ്യന്‍ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ഇതുവരെയും വന്നില്ല.

logo
The Fourth
www.thefourthnews.in