പുടിന് നേരെ വധശ്രമം? യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ വധിക്കാൻ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യയുടെ ആരോപണം. ഡ്രോൺ ആക്രമണത്തിലൂടെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് റഷ്യൻ വാർത്ത ഏജൻസിയായ ആർഐഎ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെ നടന്നെന്ന് പറയപ്പെടുന്ന ആക്രമണത്തിന്റെ സ്ഥിരീകരിക്കപ്പെടാത്ത ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വധശ്രമ ആരോപണം യുക്രെയ്ൻ നിഷേധിച്ചു.
ആക്രമണത്തെ ആസൂത്രിത തീവ്രവാദ പ്രവർത്തനമായാണ് റഷ്യ വിശേഷിപ്പിച്ചത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും റഷ്യ വാദിച്ചു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പുടിന്റെ വസതിയായ ക്രെംലിൻ കൊട്ടാരത്തിന് നേരെയുള്ള ആക്രമണം. ഇതിനെ റഷ്യൻ പ്രതിരോധ സേന ചെറുക്കുകയും നിർവീര്യമാക്കുകയും ചെയ്തു. ആസൂത്രണം ചെയ്ത പോലെയാകും കാര്യങ്ങളെന്നും നടപ്പാക്കേണ്ട തീരുമാനങ്ങളിൽ പുടിൻ മാറ്റംവരുത്തിയിട്ടില്ലെന്നും ക്രെംലിൻ അറിയിച്ചതായി ആർഐഎ റിപ്പോർട്ട് ചെയ്തു.
“ക്രെംലിൻ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ആളില്ലാ വിമാനങ്ങളെ റഡാർ യുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യവും പ്രത്യേക വിഭാഗവും സമയബന്ധിതമായി പ്രവർത്തനരഹിതമാക്കി” ക്രെംലിൻ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ചിതറി തിരിച്ചെങ്കിലും ആർക്കും പരുക്കുകളോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ല. ആക്രമണം നടന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ലെന്നും മോസ്‌കോയ്ക്ക് പുറത്തുള്ള വസതിയിൽ ആയിരുന്നുവെന്നും ആർഐഎ റിപ്പോർട്ട് ചെയ്തു.
“ഈ നടപടികളെ ആസൂത്രിതമായ തീവ്രവാദ പ്രവർത്തനമായാണ് കാണുന്നത്. മെയ് ഒൻപതിലെ പരേഡിന് തലേന്ന് പ്രസിഡന്റിനെ വധിക്കാനുള്ള ശ്രമമായും ആക്രമണത്തെ ക്രെംലിൻ വിലയിരുത്തുന്നു. ഉചിതമെന്ന് തോന്നുന്ന സമയത്ത് തിരിച്ചടിക്കാനുള്ള അവകാശവും റഷ്യയ്ക്കുണ്ട്” ക്രെംലിനെ ഉദ്ധരിച്ച് ആർഐഎ റിപ്പോർട്ട് ചെയ്തു. അഡോൾഫ് ഹിറ്റ്ലറുടെ നാസി സൈന്യത്തിന് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ ഓർമ ദിവസമാണ് മെയ് 9.
ആക്രമണത്തിന് പിന്നാലെ ക്രെംലിനിലെ പുടിന്റെ വസതിക്ക് സമീപത്ത് പുക ഉയരുന്ന ദൃശ്യങ്ങളാണ് നിലവിൽ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുന്നത്. സൈന്യത്തിന്റെ വാർത്ത ഏജസിയായ സ്വെസ്ദയുടെ ചാനലിലും ഇതേ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ആരോപണം തള്ളി യുക്രെയ്ൻ രംഗത്തെത്തി. ഡ്രോൺ ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി.