എന്ത് വില കൊടുത്തും ബഖ്‌മൂത്തിനെ സംരക്ഷിക്കുമെന്ന് യുക്രെയ്ൻ; ആക്രമണം കടുപ്പിച്ച് റഷ്യ
റഷ്യൻ സേനയുടെ നിരന്തരമായ ആക്രമണങ്ങൾക്കിടയിലും ബഖ്‌മൂത്തിനെ സംരക്ഷിക്കുമെന്ന് യുക്രെയ്ൻ. എന്ത് വില കൊടുത്തും ബഖ്‌മൂത്തിനെ സംരക്ഷിക്കുമെന്ന് രാജ്യത്തെ ഉന്നത സൈനിക മേധാവികൾ പ്രതിജ്ഞയെടുത്തുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി വ്യക്തമാക്കി. അതേസമയം, ബഖ്‌മൂത് പിടിച്ചടക്കുന്നതിലൂടെ ഡോൺബാസ് പ്രദേശത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുകയെന്ന പ്രധാന ലക്ഷ്യത്തിലേക്ക് റഷ്യ കൂടുതൽ അടുക്കും. ഒന്നര വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ പ്രധാന നേട്ടമാവുമിതെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ.
ബഖ്‌മൂത്തും പരിസര പ്രദേശങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്ന് യുക്രെയ്ൻ സായുധ സേനയുടെ ജനറൽ സ്‌റ്റാഫ് പറയുന്നു. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും പ്രതിരോധം ശക്തമാക്കുമെന്നും പ്രാദേശിക ഗ്രൂപ്പിന്റെ കമാൻഡറും യുക്രെയ്ൻ കമാൻഡർ ഇൻ ചീഫും തന്നോട് പറഞ്ഞതായി സെലെൻസ്‌കി പറഞ്ഞു. ബഖ്‌മുത്തിലെ ജനങ്ങളെ സഹായിക്കാൻ ഉചിതമായ സേനയെ കണ്ടെത്താൻ കമാൻഡർ ഇൻ ചീഫിനോട് ആവശ്യപ്പെട്ടതായും സെലൻസ്‌കി വ്യക്തമാക്കി. കിഴക്കൻ, തെക്ക് മുന്നണികളിൽ ദിവസേന ആയിരക്കണക്കിന് ഷെല്ലുകൾ ഇരുവശത്തുനിന്നും വിക്ഷേപിക്കുന്നുണ്ട്. കീവിന്റെ യൂറോപ്യൻ സഖ്യകക്ഷികൾ കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള കരാറുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ച് വരികയാണ്.
അതേസമയം യുദ്ധത്തിൽ വിജയിക്കണമെങ്കിൽ കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കണമെന്ന് സൈന്യത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ് റഷ്യയുടെ വാഗ്നർ മെർസിനറി പടയുടെ തലവൻ. യുദ്ധത്തിൽ വിജയിക്കണമെങ്കിൽ കൂടുതൽ ആയുധങ്ങൾ, കവറിങ് സപ്പോർട്ട് എന്നിവ ലഭ്യമാക്കണമെന്ന് സൈന്യത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആയുധങ്ങൾ എത്തിക്കുന്നതിൽ മനപ്പൂർവം റഷ്യ വീഴ്‌ച വരുത്തുന്നുവെന്ന മെർസിനറിയുടെ ആരോപണത്തെ റഷ്യ നിഷേധിച്ചിരുന്നു.
ഒരു വർഷത്തിലധികമായി തുടരുന്ന യുദ്ധത്തിൽ ഏറ്റവും ക്രൂരമായ പോരാട്ടവേദിയായി മാറുകയാണ് ബഖ്‌മുത്ത്. ബഖ്‌മുത്ത് കീഴടക്കുകയെന്നാൽ റഷ്യയെ സംബന്ധിച്ചിടത്തോളം പ്രതീകാത്മക വിജയമാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.