യുക്രെയ്‌നില്‍ ഹെലികോപ്റ്റര്‍ 
തകര്‍ന്നുവീണു; ആഭ്യന്തര മന്ത്രിയുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആഭ്യന്തര മന്ത്രിയുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

വിമാനം തകര്‍ന്നുവീണത് കീവിലെ കിന്റര്‍ഗാര്‍ട്ടന് സമീപം; 15 കുട്ടികളടക്കം 29 പേര്‍ക്ക് ഗുരുതര പരുക്ക്
Updated on
1 min read

യുക്രെയ്‌ന്‍ തലസ്ഥാനമായ കീവിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രിയുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാറ്റിസ്റ്റിര്‍സ്കൈ ഉള്‍പ്പെടെ എട്ടുപേര്‍ യാത്ര ചെയ്തിരുന്ന ഹെലികോപ്റ്ററാണ് കീവിലെ കിന്റര്‍ഗാര്‍ട്ടന് സമീപം തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ആഭ്യന്തരവകുപ്പിലെ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തില്‍ മരിച്ചു.15 കുട്ടികളടക്കം 29 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സ്റ്റേറ്റ് എമര്‍ജന്‍സി വിഭാഗത്തിലെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് യുക്രെയ്ന്‍ പോലീസ് മേധാവി വ്യക്തമാക്കി. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മഞ്ഞ് മൂടിയതിനെ തുടര്‍ന്ന് കാഴ്ച മറിഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ എന്നതും അന്വേഷണപരിധിയിലുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ഡെനിസ് മൊണാറ്റിസ്റ്റിര്‍സ്‌കൈ
ഡെനിസ് മൊണാറ്റിസ്റ്റിര്‍സ്‌കൈ

വ്‌ളോഡിമിര്‍ സെലന്‍സ്‌കി കാബിനറ്റിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഡെനിസ് മൊണാറ്റിസ്റ്റിര്‍സ്‌കൈ. റഷ്യന്‍ മിസൈലാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പങ്കുവെച്ചിരുന്നത് ഡെനിസ് മൊണാറ്റിസ്റ്റിര്‍സ്‌കൈയാണ്. റഷ്യക്കെതിരായ യുക്രെയ്ന്‍ പ്രതിരോധം ആസൂത്രണം ചെയ്യുന്നവരിലൊരാളുമാണ് അദ്ദേഹം.

logo
The Fourth
www.thefourthnews.in