ബുച്ചയ്ക്ക് ശേഷം ഇസിയം: 
യുക്രെയ്നില്‍ വീണ്ടും കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ബുച്ചയ്ക്ക് ശേഷം ഇസിയം: യുക്രെയ്നില്‍ വീണ്ടും കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണെന്ന് പ്രാഥമിക നിഗമനം
Updated on
1 min read

യുക്രെയ്നില്‍ വീണ്ടും കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കിഴക്കന്‍ നഗരമായ ഇസിയത്തിലെ കുഴിമാടത്തില്‍ നിന്ന് 440 ലധികം മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി ബുച്ചയില്‍ നടന്ന കൂട്ടക്കുരുതിയോടാണ് ഇസിയത്തിലെ സാഹചര്യത്തേയും ഉപമിച്ചത്. ഈ കൊലപാതകങ്ങളുടെയൊന്നും ഉത്തരവാദിത്തം റഷ്യ ഏറ്റെടുക്കില്ലെന്ന് സെലന്‍സ്കി കുറ്റപ്പെടുത്തി.

ഇസിയത്തില്‍ പരിശോധന നടത്തുന്നു
ഇസിയത്തില്‍ പരിശോധന നടത്തുന്നു

റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ കടുത്ത ബോബാക്രമണവും ഷെല്ലാക്രമണവും നേരിട്ട പ്രദേശമായിരുന്നു ഇസിയം. കഴിഞ്ഞയാഴ്ച യുക്രെയ്ന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചതിന് ശേഷം തിരിച്ചുപിടിച്ച മേഖലയാണ് ഹര്‍കീവിലെ ഇസിയം. ഇവിടെ കഴിഞ്ഞദിവസം യുക്രെയ്ന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി മേഖലയില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ തിരിച്ചുപിടിച്ച മേഖലകളില്‍ യുക്രെയ്ന്‍ പരിശോധനകള്‍ ആരംഭിച്ചു. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ തിരയുന്നതിനിടെയാണ് ശവശരീരങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കുട്ടികളുടേയും സ്ത്രീകളുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തവയിലേറെയും. ഒരു കുഴിയില്‍ മാത്രം 17ലേറെ സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. ഫോറന്‍സിക് പരിശോധന നടത്തി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കി.

അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ ബുച്ചയില്‍ റഷ്യ കൂട്ടക്കുരുതി നടത്തിയിരുന്നു. മൃതശരീരങ്ങള്‍ കൊണ്ട് നിറഞ്ഞ ബുച്ചയുടെ തെരുവുകളായിരുന്നു അന്നത്തെ കാഴ്ച. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിനിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയായാണ് ബുച്ചയിലേത് കണക്കാക്കപ്പെടുന്നത്.

logo
The Fourth
www.thefourthnews.in