'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ'; യുക്രെയ്‌നിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് ഐക്യരാഷ്ട്രസഭ

'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ'; യുക്രെയ്‌നിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് ഐക്യരാഷ്ട്രസഭ

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി രണ്ട് യുദ്ധക്കുറ്റ കേസുകൾ ചുമത്താനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു
Updated on
1 min read

യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി ഐക്യരാഷ്ട്രസഭ. രാജ്യത്തെ സാധാരണ പൗരന്മാരെ ആക്രമിച്ചതായും പിടിച്ചെടുത്ത പ്രദേശങ്ങളിലെ കുട്ടികളെ നിർബന്ധിതമായി നാടുകടത്തിയതായും ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട്. റഷ്യയുടെ ചില പ്രവൃത്തികൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായി മാറിയേക്കാമെന്നും ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി രണ്ട് യുദ്ധക്കുറ്റ കേസുകൾ ചുമത്താനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യു എൻ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. സമീപ മാസങ്ങളിൽ യുക്രെയ്‌നിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ച് റഷ്യ ആക്രമണം നടത്തിയിരുന്നു. ഇത് കടുത്ത ശൈത്യ കാലത്ത് രാജ്യത്തെ ലക്ഷ കണക്കിന് ജനങ്ങൾക്ക് ചൂടും വൈദ്യുതിയും ലഭിക്കാതിരിക്കാൻ കാരണമായി. കൂടാതെ പിടിച്ചടക്കിയ നിരവധി പ്രദേശങ്ങളിൽ റഷ്യ വ്യാപകവും വ്യവസ്ഥാപിതവുമായ പീഡനങ്ങൾ നടത്തി. "റഷ്യ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു എന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചു" അന്വേഷണത്തിന് നേതൃത്വം നൽകിയ നോർവീജിയൻ സുപ്രീംകോടതിയിലെയും യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലെയും മുൻ ജഡ്ജി എറിക് മോസ് പറഞ്ഞു.

'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ'; യുക്രെയ്‌നിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് ഐക്യരാഷ്ട്രസഭ
യുക്രെയ്ൻ അധിനിവേശം; റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി

ഏകദേശം 16,000 കുട്ടികളെ ഉൾപ്പടെയുള്ള യുക്രെയ്ൻ ജനതയെ നിർബന്ധിതമായി നാട് കടത്തി. തങ്ങളുടെ കുടുംബാംഗങ്ങളുമായി ഒന്നിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. ചില കുട്ടികൾ പ്രിയപ്പെട്ടവർ ബലാത്സംഗം ചെയ്യപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. ഒരു സന്ദർഭത്തിൽ കുട്ടികൾ മൃതദേഹങ്ങൾക്കൊപ്പം ഒരു സ്കൂൾ ബേസ്മെന്റിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. യുക്രെയ്ൻ ജനതയെ തടങ്കലിൽ വയ്ക്കാൻ ലക്ഷ്യമിട്ടുള്ള "ഫിൽട്ടറേഷൻ" സംവിധാനം, പീഡനങ്ങളൂം മനുഷ്യത്വരഹിതമായ തടങ്കൽ സാഹചര്യങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മരിയുപോളിൽ തീയറ്ററിൽ അഭയം തേടിയിരുന്ന നുറുകണക്കിനാളുകളെ മിസൈൽ ആക്രമണത്തിൽ വധിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

500 അഭിമുഖങ്ങൾ നടത്തുകയും യുക്രയ്‌നിലെ തടങ്കൽ സ്ഥലങ്ങളും കുഴിമാടങ്ങളും നേരിട്ട് സന്ദർശിക്കുകയും സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ സമിതി 18 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. റഷ്യൻ സൈന്യം വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്. ഇതിന് ഉത്തരവാദികളായവരെ കുറ്റവാളികൾ ആയി പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

എന്നാൽ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചു. തങ്ങൾ ഇത്തരം ആരോപണങ്ങൾ സ്ഥിരമായി നേരിടേണ്ടി വരുന്നുണ്ട്. ഈ റിപ്പോർട്ടുകൾക്ക് പിന്നിലുള്ളവർ പക്ഷപാതപരമായാണ് പെരുമാറുന്നതെങ്കിൽ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in