യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണം; യുദ്ധ വാര്‍ഷികത്തില്‍ പ്രമേയം പാസാക്കി യുഎന്‍, ഇന്ത്യ വിട്ടുനിന്നു
യുക്രെയ്ന്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ റഷ്യയുടെ പിന്മാറ്റം ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭ. റഷ്യക്കെതിരായ പ്രമേയത്തെ അനുകൂലിച്ച് 141 രാജ്യങ്ങള്‍ വോട്ട് ചെയ്തു. റഷ്യയും ചൈനയുമുള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം അംഗീകരിച്ച യുഎന്‍ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ വിഷയത്തില്‍ യുഎന്‍ നടത്തിയ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ റഷ്യക്കെതിരായി വോട്ട് ചെയ്തിരുന്നു. അന്ന് 35 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും റഷ്യ അടക്കം അഞ്ച് രാജ്യങ്ങള്‍ എതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
റഷ്യയുടെ യുക്രെയിന്‍ അധിനിവേശം ആഗോള മനസാക്ഷിയ്ക്ക് അംഗീകരിക്കാനാകാത്തതാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. യുഎന്‍ പ്രമേയം പാസാക്കിയത് ന്യായവും നീതിയുക്തവുമായ പക്ഷത്ത് നിന്ന് സമാധാനം ലക്ഷ്യമിട്ടാണെന്ന് ഗുട്ടെറസ് വ്യക്തമാക്കി. യുക്രെയ്ന്റെ പ്രദേശത്ത് നിന്ന് എല്ലാ സൈനിക ശക്തികളെയും ഉടനടി പിന്‍വലിക്കാന്‍ റഷ്യ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തിന്റെ വാര്‍ഷികമെന്നത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലെ ഭീകരമായ നാഴികക്കല്ലാണ്. യുഎന്‍ ചാര്‍ട്ടറിന്റേയും അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനം അംഗീകരിക്കാനാകില്ല. യുദ്ധം പരിഹാരമല്ല. യുദ്ധമാണ് പ്രശ്നം '' - ഗുട്ടെറസ് വ്യക്തമാക്കി.
യുദ്ധം പ്രാദേശിക അസ്ഥിരത വളര്‍ത്തുകയും ആഗോള പിരിമുറുക്കങ്ങള്‍ക്കും ഭിന്നതകള്‍ക്കും ആക്കം കൂട്ടുകയും ചെയ്യുമെന്ന് ഗുട്ടെറസിനെ പിന്തുണച്ച് ചര്‍ച്ചകളില്‍ പങ്കെടുത്ത അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിനും യുക്രെയ്നില്‍ സമഗ്രവും ശാശ്വതവുമായ സമാധാനത്തിനും പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയമെന്ന് അമേരിക്കന്‍ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ ഫീല്‍ഡ് വ്യക്തമാക്കി.
2022 ഫെബ്രുവരി 24 ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിലെ മരിയുപോളില്‍ മാത്രം 21000 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടേയും യുക്രെയ്ന്റേതുമായി ഏകദേശം ഒരു ലക്ഷത്തോളം സൈനികരും കൊല്ലപ്പെട്ടു. അധിനിവേശം യുക്രെയ്നില്‍ മാത്രം സൃഷ്ടിച്ചത് 13 ദശലക്ഷം അഭയാര്‍ത്ഥികളെയാണ്.