കരയുദ്ധത്തിന് ഇസ്രയേല്‍; വടക്കന്‍ ഗാസയിലെ 11 ലക്ഷം പലസ്തീനികളോട് ഒഴിയാന്‍ അന്ത്യശാസനം, സമാനതകളില്ലാത്ത ആക്രമണ സാധ്യത
വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഇസ്രയേലി സൈന്യം ഐക്യരാഷ്ട്രസഭയോട് (യുഎന്‍) ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്ക്. ഇസ്രയേല്‍ സമാനതകളില്ലാത്ത ആക്രമണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായിരിക്കാമിതെന്ന് കരുതുന്നതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇസ്രയേലിന്റെ മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ചുള്ള യുഎന്‍ പ്രസ്താവനയോട് പ്രതികരിച്ച ഹമാസ് ഇത് വ്യാജപ്രചരണമാണെന്നും ഗാസയിലെ ജനങ്ങള്‍ വിശ്വസിക്കരുതെന്നും പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ ഗാസയില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍ പുതിയ മുന്നറിയിപ്പ് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ ഇതുവരെ തയാറായിട്ടില്ല. മാനുഷിക പ്രത്യാഘാതങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഇത്തരം നീക്കങ്ങള്‍ ഒരിക്കലും സാധ്യമാകില്ലെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍. യുഎന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒഴിയണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം.
പുതിയ നീക്കം സ്ഥിരീകരിക്കാവുന്നതാണെങ്കില്‍ ഒരു ദുരന്തമുഖത്തെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നും യുഎന്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 1,300 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇസ്രയേലിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം ആറായിരത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിഅഞ്ഞൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഗാസ അധികൃതര്‍ സ്ഥിരീകരിക്കുന്നു. ഏകദേശം നാലായിരം ടൺ വരുന്ന സ്ഫോടക വസ്തുക്കളാണ് ഇസ്രയേൽ ഗാസയ്ക്ക് മുകളിൽ വർഷിച്ചത്. ഇസ്രയേലിന് നേരെ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബർ ഏഴ് മുതൽ 12 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
ഹമാസിനെ സമ്പൂർണമായി ഉന്മൂലനം ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. തങ്ങൾ ലക്ഷ്യത്തിലേക്ക് എത്തും വരെ ആക്രമണം ശക്തമായി തുടരുമെന്നാണ് ഇസ്രയേൽ വ്യോമസേന വ്യാഴാഴ്ച പ്രതികരിച്ചത്. എക്സിലൂടെ ആയിരുന്നു ഇസ്രയേൽ സേനയുടെ പ്രതികരണം.