റഷ്യ - യുക്രെയ്ൻ സംഘർഷം തുടർന്നാൽ ലോകം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങും; മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ
റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നത് ലോകത്തെ സാഹചര്യം വഷളാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. ലോകം വലിയൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നതിലേക്ക് കാര്യങ്ങളെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അന്റോണിയോ ഗുട്ടേറസ്. റഷ്യന്‍ അധിനിവേശം, കാലാവസ്ഥ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നിവയായിരുന്നു ഗുട്ടേറസിന്റെ പ്രസംഗത്തിലെ പ്രധാന വിഷയങ്ങള്‍.
''യുദ്ധം യുക്രെയ്ൻ ജനതയ്ക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. യുദ്ധം തുടര്‍ന്നാല്‍ സമാധാനത്തിനുള്ള സാധ്യതകൾ കുറയും. രക്തച്ചൊരിച്ചിലിനുള്ള സാധ്യതകൾ ഉയരും. ലോകം വലിയൊരു യുദ്ധത്തിലേക്ക് പോകുന്നത് ഞാന്‍ ഭയപ്പെടുന്നു'' - ഗുട്ടേറസ് വ്യക്തമാക്കി. റഷ്യ - യുക്രെയ്ൻ സംഘർഷത്തിന് പുറമെ, ഇസ്രയേൽ-പലസ്തീൻ സംഘർഷം , അഫ്ഗാനിസ്ഥാൻ , മ്യാൻമർ, ഹെയ്തി തുടങ്ങിയ ആഗോള വിഷയങ്ങളും ഗുട്ടേറസ് പ്രസംഗത്തിൽ പരാമർശിച്ചു. യുഎന്നിന് കീഴിലുളള എല്ലാ രാജ്യങ്ങളും അവരുടെ കടമ നിറവേറ്റുകയാൽ മാത്രമേ സമാധാനം പുലരുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷത്തിലേക്ക് അടുക്കുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ മുന്നറയിപ്പ്. റഷ്യ കൂടുതല്‍ മേഖലകളെ ലക്ഷ്യമിട്ട് സൈനിക വിന്യാസം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ മുന്നറയിപ്പ്. റഷ്യ- യുക്രെയ്ൻ സംഘർഷവും കോവിഡ് മഹാമാരിയും കാരണം ലോകം കടന്നു പോകുന്നത് വൻ സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ച് വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഭീഷണികളെക്കുറിച്ചും യുഎന്‍ സെക്രട്ടറി ജനറല്‍ സംസാരിച്ചു. ഫോസിൽ ഇന്ധന നിർമാതാക്കളെ ലക്ഷ്യം വച്ച് ഭാവി തലമുറയെ മനസില്‍ കണ്ടാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 2030 ഓടെ ലോകത്ത് കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുളള ശ്രമങ്ങൾ നടത്തണമെന്നും ഗുട്ടേറസ് വ്യക്തമാക്കി.