ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു

ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു

ഫെബ്രുവരി മുതൽ, മ്യാൻമറിൽനിന്ന് സൈനികരോ അതിർത്തി കാവൽക്കാരോ ആയ 901 പേർ കൂട്ടമായി ബംഗ്ലാദേശിലേക്കുള്ള അന്താരാഷ്ട്ര അതിർത്തി കടന്നിരുന്നു
Updated on
1 min read

മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായി പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുമായി പിടിച്ചുനിൽക്കാനാകാതെ സൈനികര്‍ രാജ്യം വിടുന്നു. ഏകദേശം 128 മ്യാന്മർ പട്ടാളക്കാരാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിലേക്ക് കടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാൻമറിലെ സിവിലിയൻ നാഷണൽ യൂണിറ്റി സർക്കാരിന്റെ (എൻയുജി)പിന്തുണയുള്ള റഖൈൻ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'അരാകൻ ആർമി'യുടെ ശക്തമായ പോരാട്ടമാണ് പട്ടാള ഭരണകൂടത്തിന് തലവേദനയാകുന്നത്.

Summary

2023 ഒക്ടോബർ മുതൽ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പോരാട്ടം ശക്തമാണ്. എൻ യു ജിയാണ് ഇതിന് വലിയ പിന്തുണ നൽകുന്നത്

ഫെബ്രുവരി മുതൽ, മ്യാൻമറിൽനിന്ന് സൈനികരോ അതിർത്തി കാവൽക്കാരോ ആയ 901 പേർ കൂട്ടമായി ബംഗ്ലാദേശിലേക്കുള്ള അന്താരാഷ്ട്ര അതിർത്തി കടന്നിരുന്നു. ഇതിൽ ഭൂരിഭാഗം പേരെയും പിന്നീട് മ്യാൻമറിലേക്ക് തിരിച്ചയച്ചു. മ്യാന്മറുമായി 1643 കിലോമീറ്റർ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലേക്കും 600 പേർ കടന്നിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് മ്യാന്മർ സൈന്യം ആങ് സാൻ സൂകിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ചു ഭരണം പിടിക്കുന്നത്. തുടർന്ന് നിരവധി കൊലപാതകങ്ങളും വിമതശബ്ദങ്ങൾക്കെതിരായ അടിച്ചമർത്തലുകളും മ്യാന്മറിൽ സൈന്യം നടത്തിയിരുന്നു. കുറഞ്ഞത് 20,000 എതിരാളികളെങ്കിലും ഇക്കാലയളവിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 25 ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.

ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു
അതിർത്തി അടയ്ക്കുന്നു, സ്വതന്ത്ര ഇടനാഴിയും ഇല്ല; കുക്കികളുടെ തീവ്രവാദബന്ധം ആരോപിച്ച് മ്യാന്‍മാറുമായി 'അകലം'കൂട്ടി ഇന്ത്യ

എന്നാൽ 2023 ഒക്ടോബർ മുതൽ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പോരാട്ടം ശക്തമാണ്. എൻ യു ജിയാണ് ഇതിന് വലിയ പിന്തുണ നൽകുന്നത്. മൂന്ന് വംശീയ സായുധ സംഘടനകൾക്ക് പിന്തുണയും എൻ യു ജി നൽകുന്നുണ്ട്. മ്യാന്മറിൽനിന്നുള്ള മാധ്യമമായ 'ദി ഇറവാഡി'യുടെ റിപ്പോർട്ട് പ്രകാരം, മേയ് നാലിനാണ് റഖൈനിൽനിന്ന് സൈനികർ ബംഗ്ലാദേശിലേക്ക് കടന്നത്. അവരുടെ ആയുധങ്ങൾ പിടിച്ചെടുത്ത ശേഷം, മുഴുവൻ ആളുകളെയും ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിലെ ടെക്‌നാഫ് പട്ടണത്തിലെ ഒരു സർക്കാർ സ്കൂളിൽ താമസിപ്പിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഖൈനിലെ വടക്കൻ മൗങ്‌ഡാവ് ടൗൺഷിപ്പിലെ അതിർത്തി കാവൽ പോസ്റ്റ് സൈന്യത്തിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അരാകൻ ആർമി പിടിച്ചെടുത്തിരുന്നു. ഇതാണ് ഒളിച്ചോട്ടത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പട്ടാള ഭരണകൂടത്തിന്റെ കുറച്ച് കമാൻഡർമാരെ രക്ഷിച്ചിരുന്നു. ഏകദേശം അൻപതോളം പേർ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച ചെറുത്തുനില്പിൽ തെക്കൻ ചിൻ സംസ്ഥാനത്തെ ഒമ്പത് റാഖൈൻ പട്ടണങ്ങളും പലേത്വാ ടൗൺഷിപ്പും അരാകൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു
ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും

സൈനിക ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യയും ബംഗ്ലാദേശും മ്യാൻമർ സേനാംഗങ്ങളെ തിരിച്ചയയ്ക്കുന്നത്. ഇതിനോട് ജനാതിപത്യ അനുകൂല സംഘങ്ങൾ എങ്ങനെയാകും പ്രതികരിക്കുക എന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. എഎയ്ക്ക് ചൈനയുടെ സാമ്പത്തിക പിന്തുണയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്നും ആശങ്കകളുണ്ട്.

logo
The Fourth
www.thefourthnews.in