തായ്‌വാന് വേണ്ടി പോരാടാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടില്ല; ചൈനയുമായി സ്വയം പോരാടുമെന്ന് തായ്‌വാൻ
ചൈനയുമായുള്ള ഏത് സായുധ സംഘട്ടനത്തിലും സ്വയം പോരാടാനാണ് തായ്‌വാൻ ഉദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ജോസഫ് വു. എന്നാൽ യുദ്ധത്തിൽ ഏതൊക്കെ രാജ്യങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് വ്യക്തതയില്ലെന്നും ജോസഫ് വു പറഞ്ഞു. ചൈനയുടെ 1.4 ബില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ദശലക്ഷം ജനസംഖ്യയുള്ള, സ്വയം പ്രതിരോധിക്കേണ്ടതുണ്ട്, അതിനായി പോരാടാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുന്നില്ലെന്ന് സ്കൈ ന്യൂസ് ഓസ്‌ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോസഫ് വു പറഞ്ഞു.
"ധാരാളം ആളുകൾ ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നു. എന്നാൽ ഞങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. തായ്‌വാൻ സ്വയം പ്രതിരോധിക്കണം, ജനങ്ങൾ ഈ രാജ്യത്തെ പ്രതിരോധിക്കണം. സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചുറച്ചിരിക്കുന്നു. തായ്‌വാന് വേണ്ടി പോരാടാൻ ഞങ്ങൾ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുന്നില്ല"- ജോസഫ് വു പറഞ്ഞു. യുദ്ധം എന്നാൽ നാശം വിതയ്ക്കലാണ്. ആക്രമിക്കപ്പെടുന്ന രാജ്യങ്ങൾക്ക് മാത്രമല്ല, എല്ലാവർക്കും. അതുകൊണ്ട് യുദ്ധം ഉണ്ടാകുന്നത് തടയാൻ ഞങ്ങൾ എല്ലാം ചെയ്യേണ്ടതുണ്ടെന്നും വു വ്യക്തമാക്കി.
തായ്‌വാനെ പ്രതിരോധിക്കാൻ അമേരിക്ക സേനയെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ സേനയെ എങ്ങനെ അയക്കും എന്നതിനെ കുറിച്ച് അമേരിക്കയുടെ ഔദ്യോഗിക നയം ഇപ്പോഴും വ്യക്തമല്ല. ഔപചാരിക നയതന്ത്ര ബന്ധങ്ങൾ ഇല്ലാതിരുന്നിട്ടും തായ്‌വാന്റെ ഏറ്റവും അടുത്ത സൈനിക, രാഷ്ട്രീയ സഖ്യകക്ഷിയാണ് അമേരിക്ക. അനൗദ്യോഗികമായി വലിയ രീതിയിലുള്ള ആയുധ ഇടപാടുകളാണ് തായ്‌വാനുമായി അമേരിക്കയ്ക്കുള്ളത്.
തായ്‌വാനെ നേരിട്ട് ആക്രമിക്കാതെ സമ്മർദത്താൽ കൂട്ടിച്ചേർക്കാനാണ് ചൈനീസ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് തുടരെത്തുടരെയുള്ള വ്യോമ - നാവിക- സൈനിക അഭ്യാസങ്ങളും ഭീഷണികളുമെന്നാണ് വിലയിരുത്തൽ. തായ്‌വാനുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേലും ചൈനീസ് ഇടപെടലുകൾ ശക്തമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തായ്‌വാനെതിരെ ചൈന സൈനിക നീക്കങ്ങള്‍ തുടരുകയാണ്. രാജ്യത്തിന് ചുറ്റും സൈനിക അഭ്യാസങ്ങള്‍ നടത്തിയായിരുന്നു ചൈന തായ്‌വാനെതിരെ സമര്‍ദം ചെലുത്തിയിരുന്നത്. എന്നാൽ ചൈനയെ ധിക്കരിച്ച് തായ്‌വാൻ പ്രസിഡന്റ്, അമേരിക്കൻ ജനപ്രതിനിധി സഭാ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി ചർച്ച നടത്തിയതാണ് പുതിയ പ്രകോപനങ്ങൾക്ക് കാരണം. മേഖലയിലെ സാഹചര്യങ്ങൾ രൂക്ഷമാക്കി 42 യുദ്ധവിമാനങ്ങളാണ് കടലിടുക്കിലെ സെൻസിറ്റിവ് രേഖ മറികടന്നത്. അമേരിക്കൻ സന്ദർശനത്തിന് ശേഷം സായ് ഇങ്-വെൻ മടങ്ങിയെത്തി ഒരു ദിവസം മാത്രം പിന്നിടവെയാണ് മൂന്ന് ദിവസം നീണ്ട അഭ്യാസപ്രകടനങ്ങൾക്ക് ചൈന തുടക്കം കുറിച്ചത്. നേരത്തെ ചൈന നടത്തിയ അത്ര തീവ്രമായിരുന്നില്ല ഇപ്പോൾ നടന്ന അഭ്യാസപ്രകടനങ്ങൾ എങ്കിലും തായ്‌വാനുള്ള കർശന മുന്നറിയിപ്പുകളായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. തായ്‌വാനിന്റെ പരമാധികാരം അവകാശപ്പെടുന്ന ചൈനയ്ക്ക്, തങ്ങളുടെ എതിർപ്പ് മറികടന്ന് നടത്തിയ കൂടിക്കാഴ്ച വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.