ആഴക്കടലിൽ അരമണിക്കൂർ ഇടവേളകളിൽ മുഴക്കം; ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിലിൽ പ്രതീക്ഷ
മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി സഞ്ചാരികളുമായി പോയ സമുദ്രപേടകം ടൈറ്റൻ തിരച്ചിലിൽ പ്രതീക്ഷ. ആഴക്കടലിൽ തിരച്ചിലിനിടെയാണ് മുഴക്കം കേൾക്കാനായത്. തിരച്ചിലിൽ പങ്കാളിയായ കനേഡിയൻ പി -3 എയര്‍ക്രാഫ്റ്റിനാണ് കടലിനടിയിൽ നിന്ന് മുഴക്കം കേൾക്കാനായത്. ഓരോ 30 മിനിറ്റിലും ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.
മുഴക്കംകേട്ട മേഖലയിൽ പ്രത്യേക തിരച്ചിലുകൾ ആരംഭിച്ചു. സോണാറുകൾ വിന്യസിച്ചാണ് ഇപ്പോഴത്തെ തിരച്ചിൽ. എന്നാൽ ശബ്ദം കേട്ട് ഏറെ സമയം കഴിഞ്ഞിട്ടും ശുഭകരമായൊന്നും കണ്ടെത്താനാവാത്തത് തിരിച്ചടിയാകുമോ എന്ന് ഭയക്കുന്നതായി, തിരച്ചിലിന് നേതൃത്വം നൽകുന്ന യുഎസ് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
തിരച്ചിലിനായി കടലിന്റെ എത്ര ആഴത്തിലും എത്താൻ കഴിവുള്ള ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധസംഘത്തെ എത്തിച്ചയായി ഓഷ്യൻഗേറ്റ് കമ്പനി അറിയിച്ചു. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. കാനഡ, ഫ്രാൻസ് തിരച്ചിൽ സംഘങ്ങളും സഹായവുമായി കൂടെയുണ്ട്. ഇനി 30 മണിക്കൂറിൽ താഴെ സമയത്തേക്ക് മാത്രമുള്ള ഓക്സിജനാണ് അന്തർവാഹിനിയിൽ അവശേഷിക്കുന്നത്.
ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ അഞ്ച് സഞ്ചാരികളുമായി പോയ സമുദ്രപേടകമാണ് കാണാതായത്. പാകിസ്താന്‍ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യവസായിയും അന്തര്‍ വാഹിനി കമ്പനിയുടെ സിഇഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്. കപ്പല്‍ വെള്ളത്തില്‍ മുങ്ങി ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷം അന്തര്‍വാഹിനിയുമായുള്ള സഹ കപ്പല്‍ ഐസ്ബ്രക്കറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.