പോളണ്ടിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി; ആയിരങ്ങളെ ഒഴിപ്പിച്ചു
രണ്ടാം ലോകയുദ്ധ സമയത്ത് വർഷിച്ചതെന്ന് കരുതുന്ന പൊട്ടാത്ത ബോംബ് പോളണ്ടിൽ കണ്ടെത്തി. പ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. പോളണ്ടിലെ ലുബ്ലിൻ പട്ടണത്തിൽ നിന്നാണ് 250 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയത്.
ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ബാക്കിയുള്ള പതിനാലായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാനും ഉത്തരവിട്ടിരുന്നു. ബോംബ് വിജയകരമായി നിർവീര്യമാക്കിയതായാണ് വിവരം.
പ്രദേശത്തെ നിർമാണ ജോലികൾക്കിടയിലാണ് ബോംബ് കണ്ടെത്തുന്നത്. ഉടൻ തന്നെ നിർവീര്യമാക്കൽ നടപടികളുടെ ഭാഗമായി പ്രദേശം അധികൃതർ അടയ്ക്കുകയും ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ആളുകളെ സ്‌കൂളുകളിലേക്കും മറ്റുള്ള കെട്ടിടങ്ങളിലേക്കും മാറ്റി. തുടർന്നായിരുന്നു ബോംബ് നിർവീര്യമാക്കൽ.
രണ്ടാം ലോകയുദ്ധ കാലമായ 1939നും 1945നുമിടയിൽ പോളണ്ടിലെ ലുബ്‌ളിനിൽ വ്യാപകമായി ബോംബാക്രമണം നടന്നിരുന്നു. യുദ്ധത്തിന് മുൻപായി കിഴക്കൻ പോളണ്ടിൽ ഒരു വിമാനത്താവളവും വിമാന നിർമാണ ഫാക്ടറിയുമുണ്ടായിരുന്നു. നാസി ജർമ്മൻ അധിനിവേശത്തിന്റെ കീഴിൽ ഒരു ജയിലും ലേബർ ക്യാമ്പും ഇവിടെയുണ്ടായിരുന്നു. എന്നാൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇവയെല്ലാം ഇല്ലാതായി.
അതേസമയം ഇതാദ്യമായിട്ടല്ല ലുബ്‌ളിനിൽ യുദ്ധസമയത്തെ ബോംബുകൾ കണ്ടെത്തുന്നത്. കഴിഞ്ഞ മാസമാണ് മധ്യ പോളണ്ടിലെ ഒരു പ്രൈമറി സ്കൂളിന്റെ നവീകരണ സമയത്ത് പൊട്ടിത്തെറിക്കാത്ത പീരങ്കി ഷെല്ലുകൾ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം പോളണ്ടിലെ മൂന്നാമത്തെ വലിയ നഗരമായ റോക്‌ലോവിൽ ലോക മഹായുദ്ധ കാലത്തെ 500 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം 30,000 ആളുകളെ ഒഴിപ്പിച്ചിരുന്നു. യുദ്ധകാലത്തെ പൊട്ടാത്ത നിരവധി ബോംബുകൾ പോളണ്ടിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് വിവരം.