അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ ഇല്ലാതെ സർവകലാശാലകള്‍ തുറന്നു
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ ഇല്ലാതെ സർവകലാശാലകള്‍ തുറന്നു

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ ഇല്ലാതെ സർവകലാശാലകള്‍ തുറന്നു; അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍

2021 ഓഗസ്റ്റ് മുതൽ സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങളിൽ വലിയ നിയന്ത്രണങ്ങളാണ് താലിബാൻ കൊണ്ടുവന്നിട്ടുള്ളത്
Updated on
1 min read

ശൈത്യകാല അവധിക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ സർവകലാശാലകൾ വീണ്ടും തുറക്കുമ്പോൾ, ക്ലാസ് മുറികളില്‍ പെണ്‍കുട്ടികളില്ല. ആൺകുട്ടികൾ ക്ലാസുകളിലേക്ക് മടങ്ങിയെത്തിയെങ്കിലും താലിബാൻ പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് സർവകലാശാല വിലക്ക്.

''ഇത് വളരെ ഹൃദയഭേദകമാണ്. സർവകലാശാലകൾ തുറന്നിരിക്കുന്നു. ആൺകുട്ടികൾ പഠിക്കാൻ പോകുന്നു. ഞങ്ങൾ വീട്ടിൽ തന്നെ തുടരുകയാണ്''-22കാരിയായ റഹേല പറയുന്നു. പെൺകുട്ടികൾക്ക് എതിരായ ലിംഗ വിവേചനമാണിത്. ഇസ്ലാം ഞങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകിയിട്ടുണ്ട്. അറിവ് നേടുന്നതിൽ നിന്ന് ഞങ്ങളെ ആർക്കും തടയാനാകില്ലെന്നും റഹേല പറയുന്നു.

പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണവും കാമ്പസിലേക്കും തിരിച്ചും പുരുഷന്മാരായ ബന്ധുക്കൾക്കൊപ്പം പോകണമെന്നുമുള്ള നിർദേശവും അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പഠന വിലക്ക് ഏർപ്പെടുത്തിയത്. പല സർവകലാശാലകളിലും ലിംഗാധിഷ്ഠിത പ്രവേശന കവാടങ്ങളും ക്ലാസ് മുറികളും സജ്ജീകരിച്ചിരുന്നു. കൂടാതെ വനിതാ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരെയോ മാത്രമേ സ്ത്രീകളെ പഠിപ്പിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

2021 ഓഗസ്റ്റ് മുതൽ സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങളിൽ വലിയ നിയന്ത്രണങ്ങളാണ് താലിബാൻ കൊണ്ടുവന്നിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് വിലക്കുകയും പിന്നീട്‌ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരികയും ചെയ്തു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും പാർക്കുകൾ, ജിമ്മുകൾ പോലുള്ള പൊതുയിടങ്ങളിൽ നിന്നും സ്ത്രീകളെ താലിബാൻ പൂർണമായും വിലക്കിയിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ ഉള്ള വിലക്ക് മുതൽ സ്ത്രീകളുടെ എല്ലാ മൗലിക അവകാശത്തിനും മേലുള്ള താലിബാന്റെ വിലക്കിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ഇതിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ തിങ്കളാഴ്ച യു എൻ മനുഷ്യാവകാശ കൗൺസിലിനെ സമീപിച്ചു. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അതിരുകടക്കുന്നതായുംആംനസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് പറഞ്ഞു.

സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടേയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ താലിബാന്‍ ഭരണത്തിലേറിയതോടെ അതെല്ലാം അട്ടിമറിച്ച് കടുത്ത മത നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. കൂടാതെ താലിബാന്‍ അധികാരമേറ്റതുമുതല്‍ അഫ്ഗാൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണ്. രാജ്യം കടുത്ത ഉപരോധങ്ങളും ഫണ്ട് വെട്ടിക്കുറയ്ക്കലുകളും നേരിടുകയാണ്.

logo
The Fourth
www.thefourthnews.in