രക്ഷാസമിതിയിൽ കൊമ്പുകോർത്ത് ഇന്ത്യയും പാകിസ്താനും; 'അധിനിവേശ' ജമ്മുകശ്മീർ പരാമർശം മറുപടി അർഹിക്കുന്നില്ലെന്ന് ഇന്ത്യ

രക്ഷാസമിതിയിൽ കൊമ്പുകോർത്ത് ഇന്ത്യയും പാകിസ്താനും; 'അധിനിവേശ' ജമ്മുകശ്മീർ പരാമർശം മറുപടി അർഹിക്കുന്നില്ലെന്ന് ഇന്ത്യ

സ്ത്രീ, സമാധാനം, സുരക്ഷ എന്ന വിഷയത്തില്‍ രക്ഷാസമിതിയില്‍ നടന്ന പൊതു ചര്‍ച്ചയ്ക്കിടെ ശക്തമായ ഭാഷയിലാണ് ഇന്ത്യ പാകിസ്താനെ വിമര്‍ശിച്ചത്.
Updated on
1 min read

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ജമ്മുകശ്മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊമ്പുകോര്‍ത്തു. സ്ത്രീ, സമാധാനം, സുരക്ഷ എന്ന വിഷയത്തില്‍ രക്ഷാസമിതിയില്‍ നടന്ന പൊതു ചര്‍ച്ചയ്ക്കിടെ ശക്തമായ ഭാഷയിലാണ് ഇന്ത്യ പാകിസ്താനെ വിമര്‍ശിച്ചത്. ചര്‍ച്ചയിൽ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി കശ്മീരിലെ സ്ഥിതി പലതവണ പരാമര്‍ശിച്ചിരുന്നു. അധിനിവേശ ജമ്മുകശ്മീരെന്നായിരുന്നു മേഖലയെ ബിലാവല്‍ വിശേഷിപ്പിച്ചത്. ഇതടക്കം പാകിസ്താന്‌റേത് പ്രകോപനപരമായ പരാമര്‍ശമെന്നും മറുപടിപോലും അര്‍ഹിക്കുന്നില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു.

ബിലാവലിന്‌റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമെന്നും രാഷ്ട്രീയ പ്രേരിതമെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംപോജ് പറഞ്ഞു. പാകിസ്താന്‍ ഉന്നയിക്കുന്ന പൊള്ളയും തെറ്റിദ്ധാരണാജനകവുമായ പരാമര്‍ശങ്ങളോട് പ്രതികരിക്കുക പോലും വേണ്ടെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് രുചിര വ്യക്തമാക്കി. ഗൗരവമേറിയ വിഷയത്തെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്നും അതുമായി ബന്ധപ്പെട്ട കൂട്ടായ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ വേണ്ടതെന്നും അവര്‍ പറഞ്ഞു.

രക്ഷാസമിതിയിൽ കൊമ്പുകോർത്ത് ഇന്ത്യയും പാകിസ്താനും; 'അധിനിവേശ' ജമ്മുകശ്മീർ പരാമർശം മറുപടി അർഹിക്കുന്നില്ലെന്ന് ഇന്ത്യ
പാകിസ്താനെതിരെ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ;'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യമില്ല'

വനിതാ ദിനത്തിന് തലേന്നായിരുന്നു രക്ഷാസമിതിയിലെ ചര്‍ച്ച. പാകിസ്താനുമായി സമാധാനപരവും സാധാരണ നിലയിലുള്ളതുമായ ബന്ധം രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഭീകരവാദത്തെ അനുകൂലിക്കുന്ന നിലപാട് പാകിസ്താന്‍ ആദ്യം അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ സമീപനം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അതങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ പലതവണ പാകിസ്താനോട് വ്യക്തമാക്കിയതാണ്. ഇതിന് ശേഷവും പാകിസ്താന്‍ പ്രകോപനപരമായ നിലപാട് രാജ്യാന്തര വേദികളില്‍ എടുക്കുന്നു എന്നാണ് ഇന്ത്യയുടെ ആക്ഷേപം. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയിലും ഇന്ത്യ- പാകിസ്താന്‍ പ്രതിനിധികള്‍ തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in