തടവുകാരെ പരസ്പരം കൈമാറി അമേരിക്കയും അഫ്ഗാനിസ്ഥാനും
അമേരിക്കയും അഫ്ഗാനിസ്ഥാനും തടവുകാരെ പരസ്പരം കൈമാറിയതായി അഫ്ഗാൻ വിദേശ കാര്യമന്ത്രി അമീർ ഖാൻ മുത്താഖി. അഫ്ഗാനിസ്ഥാനിൽ തടവുകാരനായ അമേരിക്കന്‍ മുൻ നാവിക ഉദ്യോഗസ്ഥൻ മാർക്ക് ഫ്രെറിക്‌സിയ്ക്ക് പകരമായി താലിബാന്റെ ബഷർ നൂർസായിയെയാണ് അമേരിക്ക മോചിപ്പിച്ചത്.
"നീണ്ട ചർച്ചകൾക്ക് ശേഷം അമേരിക്കൻ പൗരനായ മാർക്ക് ഫ്രെറിക്‌സിനെ അമേരിക്കൻ പ്രതിനിധി സംഘത്തിന് വിട്ടുനല്‍കി. പ്രതിനിധി സംഘം കാബൂൾ വിമാനത്താവളത്തിൽ വെച്ച് ബഷർ നൂർസായിയെ കൈമാറി," - അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ താലിബാന്‍ ഭരണകൂടം തയ്യാറാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അഫ്ഗാനിലെ നിർമാണ പദ്ധതികളിൽ സിവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്ന മാർക്ക് ഫ്രെറിക്‌സിനെ 2020 ലാണ് താലിബാന്‍ ബന്ദിയാക്കിയത്. ഹെറോയിൻ കള്ളക്കടത്തുമായി ബന്ധപ്പെട്ട് 17 വർഷമായി അമേരിക്കയിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു താലിബാന്റെ ബഷർ നൂർസായി. യുഎസിലേക്കും യൂറോപ്പിലേക്കും 50 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഹെറോയിൻ കടത്തിയതായി സംശയിച്ചാണ് നൂർസായിയെ യുഎസ് കസ്റ്റഡിയിലെടുത്തത്.
2021 ഓഗസ്റ്റിൽ യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിൻവാങ്ങുമ്പോൾ, ഫ്രെറിക്‌സിന്റെ മോചനത്തിനായി അഫ്ഗാനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. മോചനം രാജ്യത്തിന്റെ മുന്‍ഗണനകളില്‍ ഒന്നായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രെറിക്സിന്റെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.