ബാള്‍ട്ടിമോര്‍ അപകടം: ഇന്ത്യന്‍ കല്‍ക്കരി മേഖലയ്ക്ക് കിട്ടിയ ലോട്ടറി?
അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടം ആഗോള ഇന്ധനവിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. അമേരിക്കയുടെ വ്യാപാര ശൃഖലയിലെ ഭൂരിഭാഗം വാഹന ഇറക്കുമതിയും കൽക്കരി കയറ്റുമതിയും നടക്കുന്നത് ബാൾട്ടിമോർ തുറമുഖത്തിലൂടെയാണ്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് ബാള്‍ട്ടിമോര്‍. കാറുകളാണ് പ്രധാന കയറ്റുമതി. അമേരിക്കയിൽ മാത്രമല്ല ആഗോള തലത്തിൽ വിതരണ ശൃംഖലയിലും സമ്പദ്‌വ്യവസ്ഥയിലും വലിയ രീതിയിലുള്ള ആഘാതം വരും ദിവസങ്ങളിൽ ഈ അപകടം മൂലം ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം. പാലം തകർന്നതോടെ ലക്ഷക്കണക്കിന് ടൺ കൽക്കരിയുടെ കയറ്റുമതിയാണ് പ്രതിസന്ധിയിലായത്. പാലത്തിലേക്ക് ചരക്കു കപ്പല്‍ ഇടിച്ചതിന് പിന്നാലെ 1.6 മൈൽ നീളമുള്ള പാലം നിമിഷങ്ങൾക്കകം തന്നെ തകർന്നു വീഴുകയായിരുന്നു. അമേരിക്കയിലെ ദേശീയ പാതകളിൽ ഒന്നിലുള്ള പാലം തകർന്നത് ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, അമേരിക്കയുടെ വ്യാപാര മേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമാണെങ്കിലും ഈ അവസരത്തിൽ നേട്ടമുണ്ടാകുക ഇന്ത്യ ഉൾപ്പെടുന്ന കൽക്കരി ഇറക്കുമതി ചെയുന്ന രാജ്യങ്ങൾക്കാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം
മാർച്ച് 26നാണ് യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ ഡാലി എന്ന ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകരുന്നത്. അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെതാണ് കപ്പല്‍. യുഎസില്‍ നിന്ന് ശ്രീലങ്കയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് പാലത്തിലേക്കുള്ള ഗതാഗതം തടയാൻ കഴിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പലിൽനിന്നുള്ള അപായ സന്ദേശം ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതിനു പിന്നാലെ പൊലീസും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. അപകട സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിലേക്ക് വീണു. അതേസമയം, പാലത്തിൽ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്യുകയായിരുന്ന ആറ് തൊഴിലാളികളും അപകടത്തിൽ പെട്ടു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പാലം തകർന്നുണ്ടായ അവശിഷ്ടങ്ങളിലും കോൺക്രീറ്റിലും മറ്റു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മറ്റു നാലുപേർക്കുമായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
വാഹന വിപണികൾക്കും ആഘാതം ഏറെ
അമേരിക്കയിലെ 17ാമത്തെ വലിയ വാണിജ്യതുറമുഖമാണ് ബാൾട്ടിമോർ. അമേരിക്കയുമായുള്ള വ്യാപാരത്തിനുള്ള പ്രധാന ഷിപ്പിംഗ് റൂട്ടാണ് ബാൾട്ടിമോർ തുറമുഖവും പടാപ്‌സ്കോ നദിയും. പ്രധാന കയറ്റുമതിയായ വാഹന വ്യാപാരത്തിനെയായിരിക്കും ബാൾട്ടിമോർ അപകടം കൂടുതൽ പ്രതിസന്ധിയിലാകുക. റോൾ-ഓൺ-റോൾ-ഓഫ് സ്റ്റോക്കിൻ്റെ ഒരു പ്രധാന ഇറക്കുമതി കേന്ദ്രമാണ് ഫിലാഡൽഫിയയുടെ തെക്കും വാഷിംഗ്ടണിൻ്റെ വടക്കും സ്ഥിതി ചെയ്യുന്ന ബാൾട്ടിമോർ. ഏഷ്യ - പസഫിക് മേഖലയിലുള്ള ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്റ്റോക്കുകൾ എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിനും കാലതാമസം നേരിടേണ്ടിവരുമെന്നാണ് അമേരിക്കയിലെ സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കൻ തീരം വഴിയുള്ള കൽക്കരി കയറ്റുമതിയുടെ നടക്കുന്നത് ബാൾട്ടിമോറിൽ നിന്നുമാണ് അതിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യപ്പടുന്നത് ഇന്ത്യ, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ബാല്‍ട്ടിമോര്‍ വഴിയാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത 2,212ലക്ഷം ടണ്‍ കല്‍ക്കരിയുടെ 8.6 ശതമാനവും അമേരിക്കയില്‍ നിന്നാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്തോനേഷ്യല്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 43 ശതമാനമാണ് ഇന്തോനേഷ്യല്‍ നിന്നും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ കണക്കുകള്‍. ഓസ്‌ട്രേലിയ (17 ശതമാനം), ദക്ഷിണാഫ്രിക്ക (11 ശതമാനം), റഷ്യ (8.7ശതമാനം) എന്നിവയാണ് കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍. കല്‍ക്കരിയെ കൂടാതെ മറ്റ് പല വിഭവങ്ങളും ബാല്‍ട്ടിമോര്‍ വഴി ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കും കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇറക്കുമതിയില്‍ കല്‍ക്കരി തന്നെയാണ് മുന്നില്‍.
ബാല്‍ട്ടിമോര്‍ വഴി വരുന്ന 50 ശതമാനം കല്‍ക്കരിയും ഇന്ത്യയിലേക്കോ ചൈനയിലേക്കോ ഉള്ളതായിരിക്കും. ഇതില്‍ കൂടുതലും ഇന്ത്യയിലാണ് ഇറക്കുമതി ചെയ്യുന്നത്. ബാല്‍ട്ടിമോറിലെ നിലവിലെ അവസ്ഥ ഈ ഇറക്കുമതിയെയും ബാധിക്കും. അതുകൊണ്ട് തന്നെ അമേരിക്കയിലെ കല്‍ക്കരിയിലെ നാലിലൊന്ന് ബാല്‍ട്ടിമോര്‍ വഴി വരികയും അതില്‍ പകുതിയില്‍ താഴെ മാത്രം ഇന്ത്യയിലേക്ക് വന്നാലും ഇന്ത്യയിലെ കല്‍ക്കരി വിതരണത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കും.
ഇന്ത്യക്ക് പ്രയോജനപ്പെടുന്നതെങ്ങനെ?
ഊർജ്ജസ്വലമായ കൽക്കരി വിതരണ ശൃംഖലയുള്ളതിനാൽ ഇറക്കുമതി ചെയ്യുന്നവർക്ക് വിതരണത്തെ ബാധിക്കാതെ തന്നെ വ്യാപാര പങ്കാളികളെ ആവശ്യാനുസരണം മാറ്റാൻ കഴിയും.
2020ൽ, ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ഓസ്‌ട്രേലിയയിൽ നിന്നുള്ള കൽക്കരി ഇറക്കുമതിക്ക് ചൈന അനൗദ്യോഗിക നിരോധനം ഏർപ്പെടുത്തിയിരുന്നു, ഈ നീക്കം ആഗോള വ്യാപാരത്തെ താറുമാറാക്കുമെന്ന് പലരും വിലയിരുത്തിയെങ്കിലും ആഗോള വിതരണക്കാരുടെ പുനഃസംഘടനയാണ് ഇതുവഴി സാധ്യമായത്. റഷ്യയിലും ഇന്തോനേഷ്യയിലുമാണ് ചൈന പുതിയ വിൽപ്പനക്കാരെ കണ്ടെത്തിയത്, ഇത് ജപ്പാൻ ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ഓസ്‌ട്രേലിയൻ സപ്ലൈകളിലേക്ക് മാറാൻ പ്രേരിപ്പിച്ചിരുന്നു.
ഏകദേശം 8,000 നോട്ടിക്കൽ മൈൽ ആണ് സൂയസ് കനാലിലൂടെയുള്ള പാതയിൽ ബാൾട്ടിമോറിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഷിപ്പിംഗ് ദൂരം. എന്നാൽ ചെങ്കടൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വഴി തിരിച്ചു വിടുന്നതിനാൽ കപ്പലുകൾക്ക് സഞ്ചരിക്കേണ്ട ദൂരം 11,000 നോട്ടിക്കൽ മൈലിലധികമായി വർധിച്ചിട്ടുണ്ട്. ഈ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അടുത്തുള്ള ഇന്തോനേഷ്യയിൽ നിന്നുള്ള കയറ്റുമതി ചരക്ക് നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കാൻ ഇന്ത്യയെ സഹായിക്കും. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനും ഇതുവഴി സാധ്യമാകും.