റഷ്യയുടെ വാഗ്നർ ഗ്രൂപ്പിനെ ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിൽ സുപ്രധാന പങ്ക് വഹിക്കുന്ന 'വാഗ്നർ' ഗ്രൂപ്പിനെ ക്രിമിനൽ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയ്ക്ക് വേണ്ടി അൻപതിനായിരത്തോളം സ്വകാര്യ സൈനികരെ റിക്രൂട്ട് ചെയ്ത ഗ്രൂപ്പാണ് വാഗ്നർ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് അടുപ്പമുള്ള വ്യവസായി യെവ്ഗനി പ്രെഗോഷിൻറെ നേതൃത്വത്തിലുള്ള സംഘടനയാണ് വാഗ്നർ. ഇവരുടെ സൈനികരിൽ 80 ശതമാനവും റഷ്യൻ തടവുകാരാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വെള്ളിയാഴ്ച പറഞ്ഞു.
വാഗ്നറിന് യുഎസില്‍ ആസ്തികൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി മരവിപ്പിക്കുകയും ഗ്രൂപ്പിന് ഫണ്ടോ സേവനങ്ങളോ നൽകുന്നതിൽ നിന്ന് യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്യും
വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും അതിക്രമങ്ങളും നടത്തുന്ന ഒരു ക്രിമിനൽ സംഘടനയാണ് വാഗ്നർ എന്ന് കിർബി പറഞ്ഞു. ഈ സ്വകാര്യ ഗ്രൂപ്പ് റഷ്യയുടെ ഔദ്യോഗിക സൈന്യത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. ഗ്രൂപ്പിനെ സഹായിക്കുന്നവരെ തിരിച്ചറിയാനും തുറന്നുകാട്ടാനും അതിന് തടയിടാനുമുള്ള നിതാന്ത പരിശ്രമം ഉണ്ടാകും. യുക്രെയ്നിലെ ആവശ്യങ്ങൾക്കായി വാഗ്നർ ഗ്രൂപ്പ് നോർത്ത് കൊറിയയിൽ നിന്ന് ആയുധങ്ങൾ സ്വീകരിച്ചതിന്റെ തെളിവുകളും കിർബി പുറത്തുവിട്ടു. ഇത് യു എൻ രക്ഷാസമിതി പ്രമേയങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്നും കൗൺസിലിന്റെ മുൻപാകെ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും കിർബി ചൂണ്ടിക്കാട്ടി. അതേസമയം വാഗ്നർ ഉടമ യെവ്ഗനി പ്രെഗോഷി ഉത്തര കൊറിയയിൽ നിന്ന് ആയുധങ്ങൾ കൈപ്പറ്റിയെന്ന ആരോപണം മുൻപ് തന്നെ നിഷേധിക്കുകയും റിപ്പോർട്ട് "ഗോസിപ്പും ഊഹാപോഹങ്ങളും" ആണെന്ന് പറയുകയും ചെയ്തിരുന്നു.
ആഫ്രിക്കയിലും മറ്റിടങ്ങങ്ങളിലും വാഗ്നർ ഗ്രൂപ്പ് നടത്തുന്ന വ്യാപാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും
യുക്രെയ്നിലെ മുന്നേറ്റങ്ങൾക്ക് പിന്നിൽ തന്റെ സൈനികരാണെന്ന പ്രെഗോഷിയുടെ വിശ്വാസം റഷ്യയിൽ ചില തർക്കങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കിർബി ചൂണ്ടിക്കാട്ടി. റഷ്യൻ സൈന്യത്തിനും മറ്റ് മന്ത്രാലയങ്ങൾക്കും വാഗ്നർ, ഒരു ശക്തനായ എതിരാളിയായി മാറുകയാണ്. സ്വന്തം താല്പര്യങ്ങൾ മുൻ നിർത്തിയാണ് പ്രെഗോഷി തീരുമാനങ്ങൾ എടുക്കുന്നതെന്നും കിർബി ആരോപിച്ചു. കിഴക്കൻ യുക്രെയ്നിയൻ നഗരമായ ബാഖ്‌മുത്തിലെ റഷ്യൻ മുന്നേറ്റങ്ങളുടെ ക്രെഡിറ്റ് പ്രെഗോഷി അവകാശപ്പെട്ടിരുന്നു.
ആഫ്രിക്കയിലും മറ്റിടങ്ങങ്ങളിലും വാഗ്നർ ഗ്രൂപ്പ് നടത്തുന്ന വ്യാപാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. കൂടാതെ വാഗ്നറിന് യുഎസില്‍ ആസ്തികൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി മരവിപ്പിക്കുകയും ഗ്രൂപ്പിന് ഫണ്ടോ സേവനങ്ങളോ നൽകുന്നതിൽ നിന്ന് യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്യും. ഇറ്റാലിയൻ മാഫിയുടെയും ജാപ്പനീസ്, റഷ്യൻ ക്രിമിനൽ സംഘടനകളെയും ഉൾപ്പെടുത്തിയിരിക്കുന്ന അതേ പട്ടികയിലാണ് യുഎസ് വാഗ്നറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യുക്രെയ്നിലെ നിയമവിരുദ്ധ സർക്കാരിനെ താഴെയിറക്കുക എന്നതാണ് വാഗ്നറിന്റെ ഉദ്ദേശ്യമെന്നായിരുന്നു യെവ്ഗനി പ്രെഗോഷിയുടെ പ്രതികരണം. ക്രിമിനൽ സംഘടനകളെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ യുഎസും വാഗ്നരും സഹപ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.