അമേരിക്ക വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്
അമേരിക്ക വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്

അമേരിക്ക വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; വിലക്കയറ്റം നാല് ദശാബ്ദത്തിലെ ഉയര്‍ന്ന നിലയില്‍

മൂന്ന് മാസത്തിനിടെ സാമ്പത്തിക വളർച്ചയിൽ 0.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്
Updated on
1 min read

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക വീണ്ടും കടുത്ത മാന്ദ്യത്തിലേക്ക്. തുടർച്ചയായ രണ്ടാം പാദത്തിലും ഇടിവു നേരിട്ട അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മൂന്ന് മാസത്തിനിടെ വളർച്ചയിൽ 0.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തിൽ ജിഡിപി വാർഷിക നിരക്കിൽ 1.6 ശതമാനം ചുരുങ്ങിയിരുന്നു.

ജൂണില്‍ മാത്രം യുഎസിലെ വിലക്കയറ്റം 6.8% ഉയര്‍ന്നെന്നാണ് കണക്കുകള്‍. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് ഉറപ്പിക്കുന്നതാണ് വാണിജ്യ വകുപ്പ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം വിലക്കയറ്റം 1% വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ മെയ് മാസങ്ങളില്‍ 0.6% ശതമാനമായിരുന്നു വിലക്കയറ്റത്തിന്റെ നിരക്ക്. 2005 ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.

രാജ്യത്തെ 29 ശതമാനത്തോളം തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണിയില്‍

തുടർച്ചയായ നാലാം മാസവും തൊഴിലില്ലായ്മ നിരക്ക് 3.6 ശതമാനമായി തുടരുകയാണ്. നാലാഴ്‌ചയ്‌ക്കുള്ളിൽ ആദ്യമായി തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം കഴിഞ്ഞ നവംബർ മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ അപേക്ഷകരുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്.

ജൂണിൽ മാത്രം 372,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അമേരിക്കൻ തൊഴിൽ വകുപ്പ് വ്യക്തമാക്കി. സാമ്പത്തിക തകർച്ചയുടെ പൊതുവായ സൂചകങ്ങൾ കണക്കിലെടുക്കുമ്പോൾ തൊഴിൽ വളർച്ച ഗണ്യമായി കുറയുമെന്നായിരുന്നു സാമ്പത്തിക വിദഗ്‍ദ്ധരുടെ വിലയിരുത്തൽ.

ജൂണിൽ മാത്രം 372,000 പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിച്ചതായി അമേരിക്കൻ തൊഴിൽ വകുപ്പ്

സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് കനത്ത പലിശനിരക്കിൽ നിന്ന് പിന്മാറാൻ യുഎസിലെ പ്രോത്സാഹിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പമാണ് രാജ്യത്തെ 29 ശതമാനത്തോളം തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണിയിലാണെന്ന റിപ്പോര്‍ട്ട്.

ആമസോൺ, ആപ്പിൾ, ടെസ്‌ല, നെറ്റ്ഫ്ലിക്സ്, കാർവാന, റെഡ്ഫിൻ, കോയിൻബേസ്, ഷോപ്പിഫൈ, മെറ്റ, ട്വിറ്റർ തുടങ്ങിയ കമ്പനികൾ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. മറ്റ് സ്ഥാപനങ്ങൾ നിയമനങ്ങൾ കുറയ്ക്കുമെന്നും വ്യക്തമാക്കി.

കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആരോ​ഗ്യം, ഐടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ സുരക്ഷിതമായിരിക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. എന്നാൽ ടൂറിസം, റീട്ടെയ്ൽ, വിനോദം തുടങ്ങിയ മേഖലകളെ ഇത് സാരമായി തന്നെ ബാധിക്കും. സർക്കാർ ജോലിസുരക്ഷ ഉറപ്പ് നൽകുമ്പോഴും വിപണി അനുകൂലമാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in