ക്യൂബ മുതല്‍ റഷ്യ വരെ;  യുഎസ് തിരഞ്ഞെടുപ്പും വിദേശ ഭീഷണികളും

ക്യൂബ മുതല്‍ റഷ്യ വരെ; യുഎസ് തിരഞ്ഞെടുപ്പും വിദേശ ഭീഷണികളും

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സും ദേശീയ സുരക്ഷാ വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയതായി വിവിധ അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Updated on
2 min read

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളിലൊന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, അദ്ദേഹത്തിന്റെ പിന്മാറ്റം, ട്രംപ് വധശ്രമം തുടങ്ങിയ വിഷയങ്ങള്‍ ഇതിനോടകം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കലുഷിതമാക്കിക്കഴിഞ്ഞിട്ടുണ്ട്. വിവാദങ്ങള്‍ പിന്നിട്ട് അമേരിക്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും വോട്ടെടുപ്പിലേക്കും അടുക്കുമ്പോള്‍ ചര്‍ച്ചയാകുന്ന മറ്റൊന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിദേശ ഇടപെടല്‍.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സും ദേശീയ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയതായി വിവിധ അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുക, ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നടപടികളിലൂടെ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് താത്പര്യമുള്ള തലത്തിലേക്ക് മാറ്റാനുമാണ് വിദേശ രാജ്യങ്ങള്‍ ഇടപെടുന്നതെന്നാണ് ആരോപണം. അടുത്തിടെ പ്രസിദ്ധീകരിച്ച മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ് സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇതിനോടകം ഓണ്‍ലൈന്‍ ഭീഷണികള്‍ ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് വിവരങ്ങള്‍. റഷ്യന്‍ ഇടപെടലാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

2016ൽ തെളിഞ്ഞ ഭീഷണി, വിദേശ ഇടപെടല്‍ രൂക്ഷമായ എട്ട് വര്‍ഷം

തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി ആരംഭിക്കുന്നത് 2016ലെ യുഎസ് തിരഞ്ഞെടുപ്പോടെയാണ്. ഈ വിഷയം പരിശോധിച്ച മുള്ളര്‍ റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ റഷ്യന്‍ ഇടപെടലിന്റെ വ്യാപ്തി കരുതുന്നതിലും വളരെ ഉയര്‍ന്നതാണെന്നാണ് വിലയിരുത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ റഷ്യന്‍ ബോട്ട്‌സ് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

2016 ന് ശേഷം സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും വലിയ വളര്‍ച്ച കാഴ്ചവെച്ച കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തിരഞ്ഞെടുപ്പ് വേളയില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ഇടപെടലുകള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പ്രവണതകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായുള്‍പ്പെടെ സഹകരിച്ചാണ് യുഎസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരിയില്‍ മ്യൂണിക്കില്‍ നടന്ന സെക്യുരിറ്റി കോണ്‍ഫറന്‍സില്‍ ആഗോള തിരഞ്ഞെടുപ്പുകളെ ദോഷകരമായി ബാധിക്കുന്നതില്‍നിന്ന് എഐ ടൂളുകള്‍ തടയുന്നതിന് 'ന്യായമായ മുന്‍കരുതലുകള്‍' സ്വീകരിക്കാന്‍ തയ്യാറാവുന്ന കരാറില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഒപ്പുവെച്ചിരുന്നു. ആമസോണ്‍, ഗൂഗിള്‍, മെറ്റ, ടിക് ടോക് എന്നിവയുടെ എക്‌സിക്യൂട്ടീവുകളായിരുന്നു നിര്‍ണായകമായ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

2024 തിരഞ്ഞെടുപ്പും വിദേശ ഭീഷണികളും

യുഎസ് തിരഞ്ഞെടുപ്പിന്റ വോട്ടെടുപ്പ് നവംബര്‍ അഞ്ചിനാണ് നിശ്ചയിച്ചിരിക്കുന്നത്. പലതവണ പറഞ്ഞുകേട്ടിട്ടുള്ള റഷ്യന്‍ ഇടപെടല്‍ തന്നെയാണ് ഇത്തവണയും ചര്‍ച്ചയില്‍ മുന്നിലുള്ളത്. യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസഡന്റ് വ്‌ളാഡിമര്‍ പുട്ടില്‍ ആഗോള തലത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന സാഹചര്യമാണുള്ളത്. പുടിനെ സംബന്ധിച്ചിടത്തോളം ഡെമ്രോക്രാറ്റിക് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ വിജയമാണ് അഭികാമ്യം. നാറ്റോ കക്ഷികളുമായി ഇടയുന്ന നിലപാടുള്ള ട്രംപിന്റെ വിജയം യുക്രെയ്‌നില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും. ഇത് റഷ്യയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും പുടിന്‍ വിലയിരുത്തിയാല്‍ തെറ്റില്ലെന്നും അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ക്യൂബ മുതല്‍ റഷ്യ വരെ;  യുഎസ് തിരഞ്ഞെടുപ്പും വിദേശ ഭീഷണികളും
ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?

റഷ്യയ്ക്കു പുറമെ ചൈന, ഇറാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ താത്പര്യങ്ങളുണ്ട്. എന്നാല്‍ റഷ്യയെ അപേക്ഷിച്ച് നേരിട്ടുള്ളൊരു കടന്നു കയറ്റം ഈ രാജ്യങ്ങളില്‍നിന്ന് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വംശജരെ സ്വാധിനിക്കാനായിരുന്നും ചൈന ശ്രമിക്കുകയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

സോഷ്യല്‍ മീഡിയ ക്യാംപയിനുകള്‍ പോലുള്ള മാര്‍ഗങ്ങളായിരിന്നും ക്യൂബ, ഇറാന്‍ പോലുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ സാധ്യത. ഗാസ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടുകള്‍ ഉള്‍പ്പെടെയായിരിക്കും ഇറാന്‍ മുന്നോട്ടുവയ്ക്കുക.

ക്യൂബ മുതല്‍ റഷ്യ വരെ;  യുഎസ് തിരഞ്ഞെടുപ്പും വിദേശ ഭീഷണികളും
എന്താണ് 'ഡീപ് ഫേക്ക്'? എങ്ങനെ കണ്ടുപിടിക്കാം?

ഡീപ് ഫെയ്ക്കുകളും എഐയും വെല്ലുവിളിയാകുമോ?

എഫ് ബി ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളും യു എസ് ഉദ്യോഗസ്ഥരും ഇത്തവണ വലിയ വെല്ലുവിളിയായി കണക്കാക്കുന്നത് സാങ്കേതിക വിദ്യകളെ തന്നെയാണ്. അതില്‍ ഡീപ് ഫെയ്ക്കുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന ആശങ്ക പ്രകടപിച്ചുകഴിഞ്ഞു. ഇവ ഏത് തരത്തില്‍ സ്വാധീനിക്കുമെന്ന് ഇതുവരെ കണക്കാക്കാന്‍ ആയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കൃത്രിമ വീഡിയോകള്‍ ഡീപ് ഫെയ്ക് ഉപയോഗിച്ച് പുറത്തിറങ്ങുന്നതാണ് പതിവ്. ഒരു വ്യക്തി താന്‍ യഥാര്‍ത്ഥത്തില്‍ പറയാത്തതോ ചെയ്യാത്തതോ ആയ എന്തെങ്കിലും പറയുന്നതോ ചെയ്യുന്നതോ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കൃത്രിമം നടത്താന്‍ 'വീഡിയോ, ഓഡിയോ, ഇമേജ് എ ഐ ഉപകരണങ്ങള്‍ വിപണിയില്‍ വര്‍ധിക്കുന്നത് സാഹചര്യങ്ങളെ സങ്കീര്‍ണമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in