അരാജകത്വത്തിനും ഭീകരതക്കും പ്രേരണ നല്‍കുന്ന 'സാത്താന്‍'; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍
അരാജകത്വത്തിനും, ഭീകരതക്കും പ്രേരണ നല്‍കുന്ന 'സാത്താനാണ്' അമേരിക്കയെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. രാജ്യവ്യാപകമായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. പ്രതിഷേധങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും, നൂറ് കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ നാശം കാണാനാണ് അമേരിക്കയ്ക്ക് താല്‍പര്യമെന്ന് റെയ്‌സി കുറ്റപ്പെടുത്തി.
പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പറഞ്ഞ റൈസി, മറ്റ് രാജ്യങ്ങളുടെ നാശത്തിനായി കാത്തിരിക്കുന്ന അമേരിക്കയിലും പ്രശ്നങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അശാന്തി ആളികത്തിക്കാന്‍ യുഎസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശ കാര്യ വക്താവ് കനാനിയും ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് യുഎസിനെതിരെ റെയ്‌സി രംഗത്തെത്തിയത്.
ഒരുമാസം മുന്‍പ് ഹിജാബ് വിരുദ്ധ സമരത്തിനിടെ അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന 22 കാരി പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ സമരം ശക്തമായത്. പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിച്ച് രംഗത്തെത്തിയ ബൈഡന്‍ ഇറാനിയന്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാരുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞിരുന്നു.