'ആയിരക്കണക്കിന് ആപ്പിള്‍ ഫോണുകള്‍ ഹാക്ക് ചെയ്തു'; അമേരിക്കക്കെതിരെ ചാരപ്രവര്‍ത്തന ആരോപണവുമായി റഷ്യ

'ആയിരക്കണക്കിന് ആപ്പിള്‍ ഫോണുകള്‍ ഹാക്ക് ചെയ്തു'; അമേരിക്കക്കെതിരെ ചാരപ്രവര്‍ത്തന ആരോപണവുമായി റഷ്യ

റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ആണ് ആരോപണമുന്നയിച്ചിരിക്കുന്നത്
Updated on
1 min read

തങ്ങളുടെ നയതന്ത്രജ്ഞരുടേത് ഉൾപ്പെടെ ആയിരക്കണക്കിന് ആപ്പിള്‍ ഫോണുകള്‍ അമേരിക്ക ചോർത്തിയതായി റഷ്യ. അത്യാധുനിക നിരീക്ഷണ സോഫ്റ്റ്‍‍വെയര്‍ ഉപയോഗിച്ച് ഐഫോണുകള്‍ അമേരിക്ക ഹാക്ക് ചെയ്‌തെന്നാണ് റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസി (എഫ്എസ്ബി)ന്റെ ആരോപണം.

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും (എന്‍എസ്എ) ആപ്പിളും തമ്മിലുള്ള ബന്ധത്തെയാണ് ഈ സംഭവം തുറന്നു കാണിക്കുന്നതെന്ന് എഫ്എസ്ബി

ക്രിപ്റ്റോഗ്രാഫിക്, കമ്യൂണിക്കേഷന്‍സ് ഇന്റലിജന്‍സ്, സെക്യൂരിറ്റി എന്നിവയില്‍ ഉത്തരവാദിത്തമുള്ള യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും (എന്‍എസ്എ) ആപ്പിളും തമ്മിലുള്ള ബന്ധത്തെയാണ് ഈ സംഭവം തുറന്നു കാണിക്കുന്നതെന്ന് എഫ്എസ്ബി പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും എഫ്എസ്ബി പുറത്തുവിട്ടിട്ടില്ല.

ചാരപ്രവര്‍ത്തനം നടത്തിയെന്ന എഫ്എസ്ബിയുടെ ആരോപണം ആപ്പിള്‍ കമ്പനി നിഷേധിച്ചു. ''ആപ്പിളിന്റെ ഒരു ഉത്പപന്നത്തിലും പിന്‍വാതില്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ ഒരു സര്‍ക്കാരുമായും ചേർന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഇനി പ്രവര്‍ത്തിക്കുകയുമില്ല,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പിന്നില്‍ അമേരിക്കയാണെന്ന ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കാസ്പെര്‍സ്‌കി

അതേസമയം, തങ്ങളുടെ നിരവധി ജീവനക്കാരുടെ ഫോണുകള്‍ ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ടതായി മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്പെര്‍സ്‌കി ലാബ് പ്രതികരിച്ചു.

''തങ്ങളുടെ ഡസന്‍ കണക്കിന് ജീവനക്കാരുടെ ഫോണുകള്‍ ഈ ഓപ്പറേഷനില്‍ ചോര്‍ത്തപ്പെട്ടു. ഉന്നതരും ഇടത്തരക്കാരുമായ ജീവനക്കാരുടെ ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണമാണ് നടന്നത്,'' കാസ്പെര്‍സ്‌കി സിഇഒ യൂജിന്‍ കാസ്പെര്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു. എന്നാൽ ഇതിനുപിന്നില്‍ അമേരിക്കയാണെന്ന ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കാസ്പെര്‍സ്‌കി.

logo
The Fourth
www.thefourthnews.in