കുത്തിവെപ്പെടുക്കാനുള്ള പത്ത് ശ്രമങ്ങളും പരാജയപ്പെട്ടു; യുഎസിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റിവെച്ചു
കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യുഎസിലെ ഐഡഹോയിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റി വെച്ചു. രണ്ട് കൈകളിലും കാലുകളിലും ഐവി ലൈൻ സ്ഥാപിക്കാനുള്ള പത്ത് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് തോമസ് ക്രീച്ച് എന്നയാളുടെ വധശിക്ഷ നിർത്തലാക്കിയതെന്ന് ഐഡഹോ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസ് (ഐഡിഒസി) ഡയറക്ടർ ജോഷ് ടെവാൾട്ട് പറഞ്ഞു. യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിൽ കിടന്നിട്ടുള്ള കുറ്റവാളിയാണ് തോമസ്. കഴിഞ്ഞ ദിവസമാണ് തോമസിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ട് കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു. ഇത് പരാജയപ്പെട്ടതിനാല്‍ തുടർന്ന് രാവിലെ 10.58 നാണ് വധശിക്ഷ നിർത്തിവയ്ക്കുന്നതായി വാർഡൻ അറിയിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് തോമസ്. കൂടാതെ തെളിയിക്കപ്പെടാത്ത നിരവധി കൊലപാതക ആരോപണങ്ങളും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. 1981-ൽ ജീവപര്യന്തം അനുഭവിക്കേണ്ട സഹതടവുകാരനായ 22-കാരന്‍ ഡേവിഡ് ഡെയ്ൽ ജെൻസനെ തോമസ് മാരകമായി മർദിക്കുകയും ഡേവിഡ് മരിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് തോമസിന് വധശിക്ഷ ലഭിച്ചത്. ഇതേ തുടർന്ന് 50 വർഷത്തോളമായി വധശിക്ഷ കാത്ത് കഴിയുകയാണ് തോമസ്. 12 വർഷത്തിനിടെ ഐഡഹോയിൽ നടക്കുന്ന ആദ്യത്തെ വധശിക്ഷയായിരുന്നു തോമസിന്റേത്.
ശിക്ഷ സ്റ്റേ ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ അഭിഭാഷക സംഘത്തിൻ്റെ അഭ്യർഥനകൾ യുഎസ് സുപ്രീം കോടതി നിരസിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്നലത്തെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.
പരിശീലനമില്ലാത്ത വ്യക്തികളാണ് വധശിക്ഷ വിധിക്കാൻ എത്തിയതെന്നും ഇത് മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്നും തോമസിന്റെ അഭിഭാഷക സംഘം ആരോപിച്ചിരുന്നു. എന്നാൽ എക്സിക്യൂഷൻ ടീം പൂർണമായും തയ്യാറെടുത്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഐവി ലൈൻ സ്ഥാപിക്കാൻ കഴിയാത്തതിനാല്‍ അടുത്ത നടപടികൾ പരിഗണിക്കുമെന്ന് ഐഡഹോ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻ വക്താവ് സാൻഡ കുസെറ്റ-സെറിമാജിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
1974-ൽ ഐഡഹോയിൽ തടവിലാക്കപ്പെടുന്നതിന് മുമ്പ് ഒഹായോ സ്വദേശിയായ തോമസ് ക്രീച്ച് എത്രപേരെ കൊലപ്പെടുത്തിയെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു ഘട്ടത്തിൽ അന്‍പതോളം പേരെ കൊന്നതായി തോമസ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ മുഴുവനായി തെളിയിക്കാൻ പൊലീസിന് ആയിട്ടില്ല. 2022-ൽ സമാനമായ തരത്തിൽ തടവുകാരുടെ ഞരമ്പുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രണ്ട് വധശിക്ഷകൾ അലബാമയിൽ നിർത്തിവെച്ചിരുന്നു.