യുഎസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്‌ന് അനുമതി; സൂചന നൽകി ബ്ലിങ്കൻ
യുഎസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്നെ അനുവദിക്കുമെന്ന് സൂചന നൽകി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ്‌ക്കൊപ്പം യുക്രെയ്‌ൻ സന്ദർശിക്കുകയും വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ബ്ലിങ്കൻ ഇതുസംബന്ധിച്ച് സൂചന നൽകിയത്. ഇതുവരെ അതിർത്തിക്കപ്പുറമുള്ള ചെറിയ റേഞ്ചിൽ അമേരിക്കൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കാൻ മാത്രമാണ് യുക്രെയ്ന് അനുമതി ഉണ്ടായിരുന്നത്.
"യുദ്ധഭൂമിയിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ തുടർച്ചയായി ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ആദ്യ ദിനം മുതൽ യുദ്ധഭൂമിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് നയം മാറ്റുവാൻ യുഎസ് തയ്യാറാവുന്നുണ്ട്. ഞങ്ങൾ അത് തുടരും,” ബ്ലിങ്കൻ പറഞ്ഞു. യുക്രെയ്ൻ നടത്തിയ മാസങ്ങൾ നീണ്ട അഭ്യർത്ഥനകൾക്കൊടുവിലാണ് യുഎസിന്റെ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾ നീക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബൈഡൻ “ഞങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുകയാണ്” എന്നായിരുന്നു മറുപടി നൽകിയത്.
റഷ്യയിലേക്ക് ഇറാൻ അയക്കുന്ന ബാലിസ്റ്റിക് മിസൈലുകളുടെ വർധനവാണ് മാറിചിന്തിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും ബ്ലിങ്കൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് പ്രധാനവും അപകടകരവുമായ വർധനവാണെന്നും അദ്ദേഹം പറഞ്ഞു. "ഇതിന്റെ അളവ് കൂട്ടുന്നത് പുടിനാണ്. ഇറാനിൽ നിന്നുള്ള മിസൈലുകളുടെ കയറ്റുമതിയിൽ പുടിൻ വലിയ വർദ്ധനവുണ്ടാക്കി. റഷ്യ , ഇറാൻ, ഉത്തര കൊറിയ എന്നിവയുടെ ഒരു പുതിയ അച്ചുതണ്ട് ഞങ്ങൾ കാണുന്നു," അദ്ദേഹം പറഞ്ഞു. വിമതരുടെ കൂട്ടം എന്നാണ് ലാമി ഈ രാജ്യങ്ങളെ വിശേഷിപ്പിച്ചത്.
റഷ്യയ്ക്കുള്ളിൽ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്നെ അനുവദിക്കുന്നതിനുള്ള തീരുമാനം ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ വാഷിംഗ്ടൺ ഡിസിയിൽ സ്റ്റാർമർ ബൈഡനുമായി നടത്താൻ തീരുമാനിച്ചിട്ടില്ല കൂടിക്കാഴ്ചക്ക് പിന്നാലെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു.
അതേസമയം നാറ്റോ രാജ്യങ്ങൾ റഷ്യയ്ക്കുള്ളിൽ ആക്രമണത്തിന് അനുമതി നൽകിയാൽ, അവർ യുദ്ധത്തിൽ ഫലപ്രദമായി ഉൾപ്പെട്ടു എന്നാണ് അർത്ഥമെന്ന് പുടിൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. “ഈ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രേനിയൻ ഭരണകൂടത്തെ അനുവദിക്കണോ വേണ്ടയോ എന്ന ചോദ്യമല്ല ഇത്. നാറ്റോ രാജ്യങ്ങൾ നേരിട്ട് ഒരു സൈനിക സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ട ചോദ്യമാണ്,” പുടിൻ റഷ്യൻ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.