എഴുത്തുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ട്രംപ് കുറ്റക്കാരന്‍; 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കന്‍ എഴുത്തുകാരി നടത്തിയ ലൈംഗികാരോപണത്തില്‍ കഴമ്പുണ്ടെന്ന് കേസില്‍ ജൂറിയുടെ കണ്ടെത്തല്‍. 1990ല്‍ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ജീന്‍ കരോളിന്റെ ആരോപണം. ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജീന്‍ കരോള്‍ കോടതിയിലാണ് വെളിപ്പെടുത്തിയത്. ആരോണത്തില്‍ പറയുന്ന തരത്തില്‍ ലൈംഗിക ബന്ധം നടന്നതിന് തെളിവുണ്ടെന്നും, കരോളിന്റെ അപകീര്‍ത്തിപ്പെടുത്തിയതിന് ട്രംപ് ബാധ്യസ്ഥനാണെന്നും ജൂറി കണ്ടെത്തിയെങ്കിലും, ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടില്ല.
എഴുത്തകാരിയുടെ ആരോപണങ്ങളെ നിഷേധിക്കുന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ച് വന്നിരുന്നത്. ജീന്‍ കരോളിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ കളളം പറയുകയാണെന്നുമായിരുന്നു ട്രംപിന്റെ വാദം. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നുമായിരുന്നു ട്രംപിന്റെ വാദം. ആരോപണങ്ങളെ വ്യാജവും നുണയും എന്ന് വിളിച്ചതിന് ട്രംപിനെതിരെ മാനനഷ്ടകേസ് നിലനില്‍ക്കുമെന്നാണ് ജൂറി കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ട്രംപ് ലൈംഗികാതിക്രമത്തിന് ഉത്തരവാദിയെന്ന് നിയമപരമായി കണ്ടെത്തുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ജൂറി കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് കുറ്റക്കാരനാണെന്ന് വിധിയെഴുതിയത്.
'ലോകം ഒടുവില്‍ സത്യം അറിയുന്നു' വിധിയ്ക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ കരോള്‍ പ്രതികരിച്ചു. 'ഈ വിജയം എനിക്ക് മാത്രമല്ല, അവിശ്വസിക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ' കരോള്‍ പറഞ്ഞു. എഴുത്തുകാരിയുടെ ആരോപണങ്ങളെ നിഷേധിച്ച ട്രംപ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ രണ്ടാഴ്ചത്തെ സിവില്‍ വിചാരണയില്‍ പങ്കെടുത്തിരുന്നില്ല. തനിക്ക് ഈ സ്ത്രീ ആരാണെന്ന് തീര്‍ത്തും അറിയില്ലെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.
'ഡൊണാള്‍ഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതി ഉയര്‍ത്തിയാണ് ഞാന്‍ ഇപ്പോള്‍ കോടതിയില്‍ നില്‍ക്കുന്നത്. നേരത്തെ ഇതിനെ കുറിച്ച് തുറന്ന് എഴുതിയപ്പോള്‍ ട്രംപ് അത് നിഷേധിച്ചു. എന്നെ അപകീര്‍ത്തിപ്പെടുത്തി, പ്രശസ്തി തകര്‍ത്തു. ജീവിതം തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്'. ജീന്‍ കരോള്‍ കോടതിയില്‍ വ്യക്തമാക്കിയത്.
നേരത്തെ, പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് ബിസിനസ് ചിലവായി കാണിച്ചതാണ് കുറ്റകരമായത്. ഈ പണം നല്‍കിയത് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നായിരുന്നു പരാതി. ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. അതേസമയം കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കേസില്‍ താന്‍ നിരപരാധിയാണ് തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ തകര്‍ക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.