മാർ-എ-ലാഗോ
മാർ-എ-ലാഗോ

ട്രംപിന്റെ വസതിയിലെ റെയ്‌ഡ്‌: പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലം പരസ്യപ്പെടുത്തരുതെന്ന് നീതിന്യായ വകുപ്പ്

എഫ്ബിഐയ്‌ക്കെതിരെ സമീപകാലത്ത് വർധിച്ചുവരുന്ന ആക്രമണങ്ങളും ഭീഷണികളും സത്യവാങ്മൂലം പുറത്തുവിടാതിരിക്കാനുള്ള കാരണമായി നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി
Updated on
2 min read

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വസതിയിലെ റെയ്‌ഡിനുള്ള അനുമതിക്കായി പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലം പരസ്യപ്പെടുത്തരുതെന്ന് നീതിന്യായ വകുപ്പ്. ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖ പുറത്തുവിടുന്നതിലാണ് നീതിന്യായ വകുപ്പ് ഓഗസ്റ്റ് 15ന് എതിർപ്പ് അറിയിച്ചത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ സത്യവാങ്മൂലം പുറത്തുവിടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം. ഓഗസ്റ്റ് എട്ടിനായിരുന്നു ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയിൽ എഫ്ബിഐയുടെ റെയ്‌ഡ്‌. നീതിന്യായ വകുപ്പിന്റെ ഉത്തരവ് പ്രകാരം പരിശോധനാ വാറന്റും വസതിയിൽ നിന്ന് പിടിച്ചെടുത്ത രേഖകളും കഴിഞ്ഞദിവസം പരസ്യപ്പെടുത്തിയിരിക്കുന്നു. അതിനുപിന്നാലെയാണ് സത്യവാങ്മൂലവും കൂടി പുറത്തുവിടണമെന്ന ആവശ്യവുമായി ട്രംപ് അനുകൂലികളും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും രംഗത്തെത്തിയത്.

ഈ കേസിലെ സാക്ഷികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ അന്വേഷണവുമായി സഹകരിക്കാനുള്ള അവരുടെ സന്നദ്ധതയെ അത് ബാധിക്കും
പ്രോസിക്യൂഷൻ

അന്വേഷണ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ തുറന്ന് നൽകുന്നതാകും പരസ്യപ്പെടുത്തൽ നടപടി. ട്രംപിനെതിരെയുള്ള മാർ-എ-ലാഗോ കേസിനൊപ്പം തന്നെ മറ്റ് ഉന്നത അന്വേഷണങ്ങളിലെയും സാക്ഷികളുടെ സഹകരണം ഇല്ലാതാക്കാൻ രേഖകള്‍ പുറത്ത് വിടുന്നത് കാരണമാകും. കൂടാതെ, എഫ്ബിഐയ്‌ക്കെതിരെ സമീപകാലത്ത് വർധിച്ചുവരുന്ന ആക്രമണങ്ങളും ഭീഷണികളും സത്യവാങ്മൂലം പുറത്തുവിടാതിരിക്കാനുള്ള മറ്റൊരു കാരണമായി നീതിന്യായ വകുപ്പ് തിങ്കളാഴ്ച ചൂണ്ടിക്കാട്ടി. "ഈ കേസിലെ സാക്ഷികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ അന്വേഷണവുമായി സഹകരിക്കാനുള്ള അവരുടെ സന്നദ്ധതയെ അത് ബാധിക്കും" പ്രോസിക്യൂഷൻ പറഞ്ഞു.

കേസിൽ ഉൾപ്പെട്ടിട്ടുള്ള പല രേഖകളും രാജ്യത്തിന്റെ 'അതീവ രഹസ്യ രേഖ' വിഭാഗത്തിൽ പെടുന്നതാണ്. അതുകൊണ്ട് തന്നെ സത്യവാങ്മൂലം പുറത്തുവിട്ടാൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്നും നീതിന്യായ വകുപ്പ് പറഞ്ഞു. കേസിനെ സംബന്ധിക്കുന്ന മറ്റ് രേഖകൾ പുറത്തുവിടുന്നതിൽ ഏജൻസിക്ക് എതിർപ്പില്ലെന്നും അവർ അറിയിച്ചു.

മൂന്ന് കേസുകളിലാണ് ട്രംപിനെതിരെ അന്വേഷണം നടക്കുന്നത്. ചാരവൃത്തി കേസ്, പ്രതിരോധ രഹസ്യ രേഖകള്‍ കൈവശപ്പെടുത്തല്‍, ബോധപൂര്‍വം രേഖകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ്

മാർ-എ-ലാഗോയിൽ നടന്ന റെയ്‌ഡിൽ 11 സെറ്റ് രഹസ്യ രേഖകൾ എഫ്ബിഐ കണ്ടെടുത്തിരുന്നു. റെയ്‌ഡ്‌ രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ വേട്ടയാടാൻ ബൈഡൻ ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നെന്നുമാണ് ട്രംപ് ആരോപിച്ചത് . ഇതോടെയാണ് വാറന്റും പിടിച്ചെടുത്ത രേഖകളുടെ പട്ടികയും കോടതി പുറത്തുവിട്ടത്. അന്വേഷണം അവസാനിച്ചിട്ടില്ലാത്ത കേസുകളുടെ വിവരങ്ങൾ സാധാരണയായി പുറത്തുവിടാറില്ല. എന്നാൽ എഫ്ബിഐ ഉദ്യോഗസ്ഥരുടെ സത്യസന്ധതയെ കളങ്കപ്പെടുത്തുന്ന വാദങ്ങളൊന്നും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പരസ്യപ്പെടുത്തലിനെ ന്യായീകരിച്ചത്.

logo
The Fourth
www.thefourthnews.in