യുഎസ് പ്രതിനിധികൾ
യുഎസ് പ്രതിനിധികൾ

പെലോസിക്ക് പിന്നാലെ കൂടുതൽ യുഎസ് പ്രതിനിധികൾ തായ്‌വാനിൽ: പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ഇൻഡോ-പസഫിക് മേഖലാ സന്ദർശനത്തിന്‍റെ ഭാഗമായാണ് സെനറ്റർ എഡ് മാർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ദ്വീപിലെത്തിയിരിക്കുന്നത്
Updated on
1 min read

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദര്‍ശന വിവാദം കെട്ടടങ്ങും മുന്‍പേ കൂടുതൽ അമേരിക്കൻ പ്രതിനിധികൾ തായ്‌വാനിൽ. അഞ്ചംഗ സംഘമാണ് ഓഗസ്റ്റ് 14ന് തായ്‌വാനിലെത്തിയത്. ദ്വിദിന പര്യടനത്തിൽ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്- വെന്നുമായി സംഘം കൂടിക്കാഴ്ച നടത്തും. മുന്‍കൂട്ടി അറിയിക്കാതെയാണ് യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം.

ഇൻഡോ-പസഫിക് മേഖലാ സന്ദർശനത്തിന്‍റെ ഭാഗമായാണ് സെനറ്റർ എഡ് മാർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ദ്വീപിലെത്തിയിരിക്കുന്നത്. തായ്‌വാനുള്ള അമേരിക്കൻ പിന്തുണ ഉറപ്പാക്കുമെന്നും സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുമെന്നും എഡ് മാർക്കിയുടെ ഓഫീസ് അറിയിച്ചു. സന്ദർശനം യുഎസിന്റെ ഉറച്ച പിന്തുണയാണ് തെളിയിക്കുന്നതെന്ന് തായ്‌വാന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, പ്രാദേശിക സുരക്ഷ, വ്യാപാരവും നിക്ഷേപവും, കാലാവസ്ഥാ വ്യതിയാനം എന്നിവ ചര്‍ച്ചയാകുമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് (തായ്‌വാനിലെ യുഎസ് നയതന്ത്ര സ്ഥാപനം) അറിയിച്ചു.

പെലോസിയുടെ തായ്പേയ് സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന, തായ്‌വാന്‌ ചുറ്റും സൈനിക അഭ്യാസം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ ചൈനയുടെ നീക്കങ്ങള്‍ നടന്നാലും തായ്‌വാനുള്ള സഹകരണത്തില്‍ നിന്ന് പിന്തിരിയില്ലെന്ന യുഎസ് നിലപാട് ശക്തിപ്പെടുത്തുകയാണ് അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനം.

അതേസമയം, തായ്‌വാന്‍ കടലിടുക്കിൽ സമാധാനം പുലരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സന്ദർശനമെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു. യുഎസ് അംഗീകരിച്ച ഏക ചൈന നയത്തിന് അനുസൃതമായി വേണം പ്രവർത്തിക്കാനെന്നും ചൈനീസ് എംബസി ഓര്‍മിപ്പിച്ചു.

എന്നാല്‍, കോൺഗ്രസ് അംഗങ്ങൾ ദശാബ്ദങ്ങളായി തായ്‌വാന്‍ സന്ദർശിക്കുന്നുണ്ടെന്നും അതിനിയും തുടരുമെന്നും വൈറ്റ് ഹൗസ്‌ ദേശീയ സുരക്ഷ വക്താവ് പറഞ്ഞു. ഈ സന്ദർശനങ്ങളെല്ലാം ഏക ചൈന നയത്തിന് അനുസൃതമായി തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. തായ്‌വാനുമേൽ ചൈന പരമാധികാരം സ്ഥാപിച്ചിട്ടുണ്ടോ എന്നതിൽ യുഎസ് ഇപ്പോള്‍ ഒരു നിലപാട് സ്വീകരിക്കുന്നില്ല. എന്നാൽ സ്വയം പ്രതിരോധത്തിനുള്ള മാർഗങ്ങൾ തായ്‌വാന്‌ നൽകാൻ യുഎസ് നിയമങ്ങൾ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in