യുഎസ്എസ് മിലിയസ്
യുഎസ്എസ് മിലിയസ്

യുഎസ് യുദ്ധക്കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ചൈന; നിഷേധിച്ച് അമേരിക്ക, തര്‍ക്കം രൂക്ഷം

അന്താരാഷ്ട്ര നിയമപ്രകാരം, എല്ലാ രാജ്യങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്ന് അമേരിക്ക
Updated on
1 min read

ചൈനീസ് സമുദ്ര അതിർത്തിയിലേക്ക് അനധികൃതമായി അമേരിക്കയുടെ യുദ്ധക്കപ്പൽ പ്രവേശിച്ചെന്ന ചൈനയുടെ ആരോപണത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിൽ തര്‍ക്കം മുറുകുന്നു. ദക്ഷിണ ചൈനാ സമുദ്രത്തിലെ പരാസൽ ദ്വീപുകൾക്ക് ചുറ്റുമുള്ള ചൈനീസ് സമുദ്രാതിർത്തിയിൽ അമേരിക്കയുടെ മിസൈൽ നശീകരണ കപ്പല്‍ യുഎസ്എസ് മിലിയസ് അനധികൃതമായി പ്രവേശിച്ചതായാണ് ചൈന ആരോപിക്കുന്നത്. യുദ്ധക്കപ്പലിനെ നിരീക്ഷിച്ചു കണ്ടെത്തുകയും സമുദ്രാതിർത്തിയിൽനിന്ന് പുറത്താക്കുകയും ചെയ്തതായി ചൈനീസ് സൈന്യം പ്രസ്താവനയിറക്കി. ചൈനീസ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് യുദ്ധക്കപ്പല്‍ അതിർത്തിയില്‍ പ്രവേശിച്ചതെന്നും ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയില്‍ സൈന്യം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം അമേരിക്കയുടെ കപ്പൽ സഞ്ചരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ നാവികസേന

എന്നാൽ, പിന്നാലെ ചൈനയുടെ ആരോപണം തള്ളി അമേരിക്ക രംഗത്തെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നും അന്താരാഷ്ട്ര നിയമത്തിന്‌ അനുസൃതമായി യുഎസ് കപ്പൽ ഫ്രീഡം ഓഫ് നാവിഗേഷൻ ഓപ്പറേഷൻ (ഫോണൊപ്) നടത്തുകയാണെന്നും അമേരിക്കയുടെ ഇന്തോ-പസഫിക് കമാൻഡ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം, എല്ലാ രാജ്യങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നും അമേരിക്ക പറഞ്ഞു. "യുഎസ്എസ് മിലിയസ് ദക്ഷിണ ചൈനാ സമുദ്രത്തിൽ പതിവ് നിരീക്ഷണങ്ങളാണ് നടത്തുന്നത്. കപ്പലിനെ ചൈന പുറത്താക്കിയിട്ടില്ല. അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം അമേരിക്കയുടെ കപ്പൽ സഞ്ചരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും," അമേരിക്കന്‍ നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനും ദക്ഷിണ ചൈനാ സമുദ്രാതിർത്തിയില്‍ നിരീക്ഷണം ശക്തമാക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ചൈനയുടെ സതേൺ തിയേറ്റർ കമാൻഡ് വക്താവ് ടിയാൻ ജുൻലിയും അറിയിച്ചിട്ടുണ്ട്.

യുഎസ്എസ് മിലിയസ്
'അതിർത്തിയിൽ പ്രശ്നങ്ങളുണ്ട്, പക്ഷേ ഇരു രാജ്യങ്ങളും യുദ്ധം ആഗ്രഹിക്കുന്നില്ല': ചൈനീസ് നയതന്ത്രജ്ഞ

അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകൾ അതിർത്തി ലംഘിച്ചുവെന്ന് ചൈന ആരോപിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ജൂലൈയിലും സമാനമായ ആരോപണം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ചൈന, തായ്‌വാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ തർക്ക പ്രദേശമാണ് പരാസൽ ദ്വീപുകൾ. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷം പ്രദേശത്ത് വർധിക്കുന്ന സാഹചര്യമാണ്. കിഴക്കൻ ചൈനാ സമുദ്രം, ഫിലിപ്പൈൻ സമുദ്രം, ദക്ഷിണ ചൈനാ സമുദ്രം എന്നിവയുൾപ്പെടെ കിഴക്കൻ ഏഷ്യൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം നാവിക അഭ്യാസങ്ങൾ അമേരിക്ക നടത്തിയതായി, ഇന്തോ-പസഫിക് കമാൻഡിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകൾ സ്ഥിരീകരിക്കുന്നതും ചൈനയുടെ സംശയം വർധിപ്പിക്കുന്നതാണ്.

logo
The Fourth
www.thefourthnews.in