അമേരിക്ക- ഫിലിപ്പീൻസ് സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം; ഉറ്റുനോക്കി ചൈന
ചരിത്രത്തിലെ ഏറ്റവും വലിയ സംയുക്ത സൈനിക അഭ്യാസം തുടങ്ങി അമേരിക്കയും ഫിലിപ്പീൻസും. തായ്‌വാനില്‍ ചൈന നടത്തിയ മൂന്ന് ദിവസം നീണ്ട സൈനിക അഭ്യാസം പൂർത്തിയായതിന് തൊട്ടടുത്ത ദിവസം ആരംഭിച്ച പ്രകടനങ്ങൾ മേഖലയെ കൂടുതൽ സംഘർഷ ഭരിതമാക്കും. എന്നാൽ അമേരിക്ക- ഫിലിപ്പീൻസ് സംയുക്തസൈനികാഭ്യാസം നേരത്തെ തീരുമാനിച്ചതാണ്.
ഇന്തോ -പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് സൈനികാഭ്യാസമെന്നാണ് അമേരിക്കയും ഫിലിപ്പീൻസും വ്യക്തമാക്കുന്നത്. അമേരിക്കയുടെ 12,000 പേരടക്കം 17,000 സൈനികരാണ് സൈനിക പ്രകടനത്തിന്‌റെ ഭാഗമാകുന്നത്. ആദ്യമായാണ് ഇത്രയും വലിയ സൈനിക സന്നാഹവുമായി അഭ്യാസം നടക്കുന്നത്. ഓസ്ട്രേലിയയടക്കം മേഖലയിലെ 12 രാജ്യങ്ങൾ സൈനികാഭ്യാസത്തിൽ പങ്കാളികളാകും. ഏപ്രിൽ 26 വരെയാണ് സൈനിക പ്രകടനങ്ങൾ. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ദക്ഷിണ ചൈനാ കടലിലെ യുദ്ധക്കപ്പല്‍ തകര്‍ക്കുന്നതടക്കമുള്ള പരിശീലനം ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തായ്‌വാനുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുട പ്രതികരണമായി കാണേണ്ടതില്ലെന്നാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നത്.
ഫിലിപ്പീന്‍സില്‍ നാല് പുതിയ നാവികസേനാ ആസ്ഥാനം സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്ന പ്രതിരോധ കരാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്ക സ്വന്തമാക്കിയിരുന്നു. പുതിയ ആസ്ഥാനങ്ങളില്‍ മൂന്നും തായ്‌വാന്‍ ഏറ്റവും സമീപത്തുള്ള ലുസോന്‍ ദ്വീപിലാണ്. മാത്രമല്ല ഫിലിപ്പീന്‍സിന് ചുറ്റുമുള്ള സമുദ്ര മേഖലകൾ പലതിലും ചൈന സമീപകാലത്ത് അവകാശവാദമുന്നയിച്ചിരുന്നു. കഴിഞ്ഞയാഴ്ച തായ്‌വാന്‍ നേതാവ്, അമേരിക്കന്‍ സ്പീക്കറെ കണ്ടത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും, സംയുക്ത സൈനിക അഭ്യാസം അമേരിക്ക -ചൈന സംഘര്‍ഷം രൂക്ഷമാക്കും.
തായ്‌വാന്‍ വിഷയത്തിലെ അമേരിക്കന്‍ നിലപാടാണ് ചൈനയെ പ്രകോപിപ്പിച്ചതും സൈനികാഭ്യാസത്തിന് വഴിവച്ചത്. തിങ്കളാഴ്ച ചൈനയുടെ സൈനികാഭ്യാസം അവസാനിച്ചിരുന്നു. ചൈനയുടെ നടപടി നിരുത്തരവാദപരമെന്നാണ് തായ്‌വാന്റെ പ്രതികരണം. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. തുടരെ അരങ്ങേറുന്ന സൈനിക അഭ്യാസങ്ങള്‍ മേഖലയുടെ സാമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ്. അതിനിടെ, അമേരിക്കയെ പിന്തുടരുന്ന സമീപനം തായ്‌വാന്‍ വിഷയത്തില്‍ യൂറോപ്പ് സ്വീകരിക്കേണ്ടതില്ലെന്ന ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവേല്‍ മാക്രോണിന്‌റെ നിലപാട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.