എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കല്‍: സൗദിക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്, ബന്ധം വഷളാകുന്നു

എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കല്‍: സൗദിക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്, ബന്ധം വഷളാകുന്നു

പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
Updated on
1 min read

എണ്ണ ഉല്‍പാദനം വെട്ടിക്കുയ്‌റക്കുമെന്ന ഒപെക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് സൗദി ബന്ധം ഉലയുന്നു. ആയുധ വില്‍പ്പന ഉള്‍പ്പെടെ സൗദി അറേബ്യയുമായുളള എല്ലാ സഹകരണവും പുനഃപരിശോധിക്കേണ്ടിവരുമെന്നാണ് യുഎസ് മുന്നറിയിപ്പ്. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് റഷ്യയെ സഹായിക്കാനാണ് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്നാണ് യുഎസ് ആരോപണം.

റഷ്യയെ സഹായിക്കാനാണ് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്നാണ് യുഎസ് ആരോപണം.

13 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഒപെകും റഷ്യയും സഖ്യകക്ഷികളും ഉള്‍പ്പെടുന്ന വിഭാഗവും നവംബര്‍ മുതല്‍ പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ വീതം എണ്ണ ഉത്പാദനം കുറയ്ക്കാനാണ് തീരുമാനം കൈക്കൊണ്ടത്. നിലപാട് ആഗോള വിപണിയില്‍ എണ്ണ വില ഉയരാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് യുഎസ് സൗദിക്കെതിരെ രംഗത്ത് എത്തുന്നത്.

സൗദിയുമായുള്ള ബന്ധത്തിലെ പുനഃപരിശോധന ആവശ്യമാണെന്നാണ് ബൈഡന്റെ നിലപാടെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി രംഗത്തെത്തി. സിഎന്‍എന്നിനോടായിരുന്നു പ്രതികരണം. യുക്രയ്ന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയെ അനുകൂലിക്കുന്ന നിലപാടില്‍ നിന്നും മാറ്റവരുന്നതുവരെ സൗദിയുമായി സഹകരിക്കില്ലെന്നും യുഎസ് വ്യക്തമാക്കുന്നു. ഒപെകിന്റെ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയുമായുള്ള ആയുധ വില്‍പന ഉള്‍പ്പെടെയുള്ള സഹകരണം മരവിപ്പിക്കണമെന്ന് യുഎസ് സെനറ്റ് വിദേശകാര്യ സമിതിയുടെ ഡെമോക്രാറ്റിക് ചെയര്‍മാന്‍ ബോബ് മെനെന്‍ഡസ് ആവശ്യപ്പെട്ടു.

എന്നാല്‍, എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഒന്നിച്ചെടുത്തതാണ് എന്നാണ് സൗദിയുടെ നിലപാട്. ഒപെക് അംഗങ്ങള്‍ ഉത്തരവാദിത്തതേടെ പ്രവര്‍ത്തിക്കുകയും ഉചിതമായി തീരുമാനം എടുക്കുകയാണുണ്ടായത് എന്നും സൗദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കി.

മുന്‍ അമേരിക്കന്‍ പ്രസിഡന്ന്‌റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണസമയത്ത് യുഎസ് സൗദി ബന്ധം ഏറെ ശക്തമായിരുന്നു. ഇക്കാലത്ത് അയുധക്കച്ചവടം ഉള്‍പ്പെടെ വലിയ ഇടപാടുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു. സൗദി ഉത്പാദിപ്പിക്കുന്ന എണ്ണയുടെ വലിയ ഉപഭോക്താവ് കൂടിയാണ് യുഎസ്.

ട്രംപിന് പിന്നാലെ അധികാരത്തിലെത്തിയ ബൈഡനോടുള്ള സൗദി നിലപാടിലും നേരത്തെ തന്നെ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുന്നതുന്നതായിരുന്നു ബൈഡന്റെ സൗദി സന്ദര്‍ശനം. എന്നാല്‍, ഈ സന്ദര്‍ശനത്തിലും നിലവധി കരാറുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നു. ആഗോള ഊര്‍ജ സുരക്ഷയും ആവശ്യത്തിന് എണ്ണ വിതരണവും ഉറപ്പാക്കാന്‍ റിയാദിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും സന്ദര്‍ശനത്തിന് ശേഷം ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in