ഷിറീൻ അബു അഖ്‌ലെയുടെ കൊലപാതകം: ഇസ്രായേലിനെ പരസ്യമായി കുറ്റപ്പെടുത്താതെ യുഎസ് റിപ്പോര്‍ട്ട്
അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്ന റിപ്പോർട്ടുമായി യുഎസ്. അന്വേഷണത്തിൽ ഏറെ നിർണായകമായ ബുള്ളറ്റ് പരിശോധനാ റിപ്പോർട്ടിൽ, ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെപ്പിലാണ് അബു അഖ്‌ലെ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയെന്ന് പറയുമ്പോഴും അത് ബോധപൂര്‍വമായിരുന്നില്ല എന്ന ന്യായീകരണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 11ന് അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ നടന്ന ഇസ്രായേൽ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അബു അഖ്‌ലെ കൊല്ലപ്പെടുന്നത്. കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
അബു അഖ്‌ലെയുടെ മരണത്തിന് ഇസ്രായേൽ ഡിഫെൻസ് ഫോഴ്‌സിന്റെ ഭാഗത്ത് നിന്നുള്ള, ബോധപൂർവമല്ലാത്ത വെടിവെപ്പാകാം കാരണമെന്ന് യു.എസ്.എസ്.സി പറയുമ്പോഴും ഇത് പൂർണമായി അംഗീകരിക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. കൊലപാതകത്തിന് പിന്നിൽ പലസ്തീൻ സൈനികരാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. അതേസമയം, വെടിയുതിർത്ത ഇസ്രായേലി സൈനികന്റെ ആയുധം തിരച്ചറിഞ്ഞുവെന്ന് ഇസ്രായേൽ തന്നെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വിശദ പരിശോധനയ്ക്കായി കഴിഞ്ഞ ശനിയാഴ്ചയാണ്, ജറുസലേമിലെ യുഎസ് എംബസിക്ക് പലസ്തീൻ വെടിയുണ്ട കൈമാറിയത്. വെടിയുണ്ടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ വെടിയുതിർത്തത് ഏത് ഭാഗത്തുനിന്നാണെന്നതിൽ കൃത്യമായ ഒരു നിഗമനം സാധ്യമല്ലയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവകാശപ്പെടുന്നത്. ഇസ്രായേലിനെ ഉത്തരവാദിയാക്കുന്നതിൽ നിന്ന് യുഎസ് ഒഴിഞ്ഞുമാറുന്നുവെന്ന് പലസ്തീൻ സീനിയർ പ്രതിനിധി ഹുസൈൻ അൽ-ഷൈഖ് പ്രസ്താവനയോട് പ്രതികരിച്ചു. സത്യം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് മാത്രമല്ല, ഇസ്രായേലിനെ ഉത്തരവാദിയായി ചൂണ്ടിക്കാണിക്കാനും മടിക്കില്ലെന്ന് ഹുസൈൻ അൽ-ഷൈഖ് പറഞ്ഞു.
ഏത് ഭാഗത്തുനിന്നാണ് വെടിയുതിർത്തതെന്ന് യുഎസിന് കണ്ടെത്താനാകാത്തത് അവിശ്വസനീയമാണെന്ന് അബു അഖ്‌ലയുടെ കുടുംബവും പറഞ്ഞു.
25 വര്ഷത്തോളമായി അൽ ജസീറയുടെ റിപ്പോര്‍ട്ടറായി പ്രവർത്തിക്കുകയായിരുന്നു 51കാരിയായ ഷിറീൻ അബു അഖ്‌ലെ. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ ധീരമായി കവർ ചെയ്തിരുന്നതിന് അറബ് ലോകമെമ്പാടും ആദരിക്കപ്പെടുന്ന മുതിർന്ന ടെലിവിഷൻ ജേണലിസ്റ്റായിരുന്നു അബു അഖ്‌ലെ. പലസ്തീനികളുടെ ദുരന്ത ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ലോകത്തിന് മുന്നിലെത്തിച്ചതിൽ പ്രമുഖയായിരുന്നു ജറുസലേം സ്വദേശിയും അമേരിക്കൻ പൗരയുമായ അബു അഖ്ലെ.
1971ൽ ജറുസലേമിൽ ജനിച്ച അബു അഖ്ലെ ജോർദാനിലെ യാർമൂക്ക് സർവകലാശാലയിൽ നിന്നാണ് ജേർണലിസം പൂർത്തിയാക്കുന്നത്. വോയ്‌സ് ഓഫ് പലസ്തീൻ റേഡിയോ, അമ്മാൻ സാറ്റലൈറ്റ് ചാനൽ എന്നിവയുൾപ്പെടെ നിരവധി മാധ്യമങ്ങളിൽ അബു അഖ്‌ലെ പ്രവർത്തിച്ചു. 1997-ലാണ് ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ മീഡിയ നെറ്റ്‌വർക്കിൽ ഫീൽഡ് കറസ്പോണ്ടന്റായി അബു അഖ്‌ലെ ചേരുന്നത്. 2000-ത്തിൽ പലസ്തീനിൽ നടന്ന രണ്ടാം ഇൻതിഫാദ കവർ ചെയ്യുന്നതിലൂടെയാണ് അബു അഖ്‌ലെ പ്രശസ്തയാകുന്നത്.
2008, 2009, 2012, 2014, 2021 വർഷങ്ങളിലുണ്ടായ ഗാസ യുദ്ധങ്ങൾ മുതൽ കഴിഞ്ഞ സെപ്തംബറിൽ വടക്കൻ ഇസ്രായേലിലെ അതീവ സുരക്ഷാ ജയിലിൽ നിന്നുള്ള ആറ് പലസ്തീനികളുടെ ജയിൽ ചാട്ടം വരെയുള്ള ചെറുതും വലുതുമായ സംഭവങ്ങൾ അബു അഖ്‌ലെ റിപ്പോർട്ട് ചെയ്തിരുന്നു.