പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യ-ചെെന ബന്ധത്തില്‍ ഇടപെടേണ്ട; അമേരിക്കയ്ക്ക് ചെെനയുടെ താക്കീത്

ഉത്തരാഖണ്ഡിലെ ഔലിയില്‍ ഇന്ത്യ - അമേരിക്ക സായുധ സേനകളുടെ സംയുക്ത അഭ്യാസം
Updated on
1 min read

ഇന്ത്യ - ചൈന ബന്ധത്തില്‍ ഇടപെടരുതെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി പെന്റഗണ്‍. യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെന്റഗണ്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയതായാണ് പെന്റഗണ്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. നിയന്ത്രണരേഖകളില്‍ ഇന്ത്യ - ചൈന സംഘര്‍ഷം ഗുരുതരമല്ലെന്ന് കാണിക്കാനായിരുന്നു ചൈനീസ് ഇടപെടലെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു.

2020 ല്‍ നടന്ന ഇന്ത്യ - ചൈന ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളിലെയും സൈനിക ശക്തിവര്‍ധിപ്പിക്കാന്‍ കാരണമായി

ഇന്ത്യ - ചൈന ബന്ധത്തില്‍ അമേരിക്കൻ ഇടപെടല്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ ചൈന നിയന്ത്രണരേഖയില്‍ സേനയെ വിന്യസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നു. അതിര്‍ത്തിയില്‍ ഒരുപോലെ ചെറുത്തുനിന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടാവില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം
ലോകത്ത് 800 കോടി ജനങ്ങള്‍! 2030ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും

2020ല്‍ നടന്ന ഇന്ത്യ - ചൈന ഏറ്റുമുട്ടലോടെ ഇരു രാജ്യങ്ങളിലെയും സൈനിക ശക്തി വര്‍ധിച്ചു. പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രകാരം, സംഘര്‍ഷത്തിന് ശേഷം കൂടുതലായി വിന്യസിച്ച സേനയെ പിന്‍വലിക്കുമെന്ന ധാരണയുണ്ടായിരുന്നെങ്കിലും വ്യവസ്ഥ ഇരു രാജ്യങ്ങളും അംഗീകരിച്ചില്ല. അതിര്‍ത്തിയിലെ ചൈനീസ് നിര്‍മാണങ്ങളെ ഇന്ത്യ എതിര്‍ക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം. എന്നാല്‍ ചൈന നുഴഞ്ഞുകയറുന്നുവെന്നതാണ് ചൈന ആരോപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 46 വര്‍ഷങ്ങള്‍ക്കിടെ ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു 2020 ജൂണ്‍ 15ന് ഗാല്‍വനിലേതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ, ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ഉത്തരാഖണ്ഡിലെ ഔലിയില്‍ ഇന്ത്യയും അമേരിക്കയും സായുധസേനകളുടെ സംയുക്ത അഭ്യാസം നടത്തി. ഇന്ത്യ - യുഎസ് സൈനികാഭ്യാസത്തിന്‌റെ പതിനെട്ടാം പതിപ്പാണ് ഇത്. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ തന്ത്രങ്ങള്‍, സാങ്കേതിക നടപടിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം കൈമാറുക ലക്ഷ്യമിട്ടാണ് സൈനികാഭ്യാസം. കര - വ്യോമ സൈനിക അഭ്യാസമാണ് മേഖലയില്‍ ഇരുരാജ്യങ്ങളും നടത്തിയത്.

logo
The Fourth
www.thefourthnews.in