ജേക്ക് സുള്ളിവൻ
ജേക്ക് സുള്ളിവൻ

'ആർക്കും പ്രത്യേകം ഇളവില്ല'; നിജ്ജറിന്റെ കൊലപാതക അന്വേഷണത്തിൽ കാനഡയെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക

അമേരിക്കയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു
Updated on
1 min read

ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയുടെ അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അമേരിക്ക. കാനഡയുടെ ആരോപണം സംബന്ധിച്ച് ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്നും യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ പറഞ്ഞു. ആർക്കും പ്രത്യേകം ഇളവുകളൊന്നുമില്ലെന്നും അമേരിക്കയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുള്ളിവന്റെ പ്രതികരണം.

കാനഡയുടെ ആരോപണങ്ങളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള അന്വേഷണത്തിന് പിന്തുണയുണ്ടെന്നും സുള്ളിവൻ എടുത്തുപറഞ്ഞു. ഉന്നതതലങ്ങളിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടക്കുന്നുണ്ട്. വിഷയത്തെ ഗൗരവകരമായാണ് കാണുന്നത്. രാജ്യമേതായാലും അമേരിക്കയുടെ അടിസ്ഥാനതത്വങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ജേക്ക് സുള്ളിവൻ
കാനഡയിലേക്ക് പറക്കുന്നതിൽ ആശങ്ക; വിദ്യാർത്ഥികളെ വെട്ടിലാക്കി നയതന്ത്രബന്ധത്തിലെ വിള്ളൽ

"ഞാൻ നയതന്ത്ര സംഭാഷണങ്ങളുടെ സാരാംശത്തിലേക്ക് കടക്കുന്നില്ല. എന്നാൽ കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരുമായി കൂടിയാലോചനകളും നടത്തുന്നുണ്ട്. ഈ അന്വേഷണത്തിൽ അവർ നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ഞങ്ങൾ ഇന്ത്യൻ സർക്കാരുമായും ബന്ധപ്പെട്ടിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങളും സുള്ളിവൻ തള്ളിക്കളഞ്ഞു.

റഷ്യയുടെ നടപടികളിൽ അമേരിക്കയ്ക്ക് കൃത്യമായ നിലപാടുണ്ടായിട്ടും ഇന്ത്യയെ മാത്രം സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യവും വാർത്താസമ്മേളനത്തിൽ ഉയർന്നിരുന്നു. ഡോളർ വിനിമയം ഉപേക്ഷിക്കാനുള്ള 18 രാജ്യങ്ങൾ തമ്മിലുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ട കാര്യങ്ങളും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ത്യ ചൈനയോ റഷ്യയോ അല്ലെന്നായിരുന്നു സുള്ളിവന്റെ മറുപടി. ഓരോ രാജ്യങ്ങളോടുമുള്ള സമീപനങ്ങൾ വെവ്വേറെയാണ്. ആരെങ്കിലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കും സമൃദ്ധിയ്ക്കും വെല്ലുവിളി സൃഷ്‌ടിക്കുന്നുവോ അവരെ പ്രതിരോധിക്കുമെന്നും സുള്ളിവൻ വ്യക്തമാക്കി.

ജേക്ക് സുള്ളിവൻ
നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

അതേസമയം, ഇന്ത്യയാണ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കാനഡ. ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. തെളിവുകൾ കാണിച്ചാൽ അന്വേഷണത്തോട് സഹകരിക്കാമെന്ന ഇന്ത്യയുടെ പ്രതികരണത്തിനായിരുന്നു ട്രൂഡോയുടെ മറുപടി.

ജേക്ക് സുള്ളിവൻ
സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ

വ്യാഴാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രൂഡോ, ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വർദ്ധിപ്പിക്കാനല്ല ശ്രമമെന്ന് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കുറ്റവാളികളെ പുറത്തുകൊണ്ടുവരാൻ മാത്രമാണ് ശ്രമിക്കുന്നത്. സത്യം തെളിയിക്കാൻ ഇന്ത്യ സഹായിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in