ഇസ്രയേലിനെ കൈവിടാതെ അമേരിക്ക; ഫൈറ്റർ ജെറ്റുകളും ബോംബുകളുമുൾപ്പെടുന്ന ആയുധശേഖരം കൈമാറി
ബില്യൺ ഡോളറുകൾ വിലയുള്ള ഫൈറ്റർ ജെറ്റുകളും ബോംബുകളും ഉൾപ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക. റഫയിൽ ഇസ്രയേൽ നടത്താൻ സാധ്യതയുള്ള സൈനിക നീക്കത്തിൽ പ്രത്യക്ഷമായി തന്നെ ആശങ്ക പ്രകടിപ്പിക്കുന്ന അമേരിക്കയാണ് ആയുധങ്ങളും ജെറ്റുകളുമുൾപ്പെടെ ഇസ്രയേലിനു എത്തിച്ചു നൽകുന്നതും.
ഇപ്പോൾ ഇസ്രയേലിലേക്കെത്തിയ ആയുധ ശേഖരത്തിൽ 1800 എംകെ 84 ബോംബുകളും, 2000 എൽബി ബോംബുകളുമുൾപ്പെടുന്ന ഒരു പാക്കേജും, 500 എംകെ82 ബോംബുകളും 500എൽബി ബോംബുകളുമുൾപ്പെടുന്ന മറ്റൊരു പാക്കേജുമുണ്ടെന്നാണ് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
വാർഷിക സൈനിക സഹായം എന്ന രീതിയിൽ അമേരിക്ക 3.8 ബില്യൺ ഡോളറാണ് ഓരോ വർഷവും ഇസ്രയേലിനു നൽകുന്നത്. ഗാസയിൽ നടക്കുന്ന വംശഹത്യയിൽ ആഗോള തലത്തിൽ തന്നെ ഇസ്രയേൽ വല്യ വിമർശനങ്ങൾ നേരിടുകയും ഇസ്രയേലിനുള്ള സൈനിക സഹായങ്ങൾ പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പാർട്ടി തന്നെ അദ്ദേഹത്തോട് ആവശ്യപ്പെടുന്ന സാഹചര്യത്തിലുമാണ് ഈ ആയുധ ശേഖരം കൈമാറിയിരിക്കുന്നത്.
അമേരിക്ക ഇസ്രായേലിനു നൽകുന്ന പിന്തുണ അവർ ചെയ്യുന്ന ക്രൂരതകളെ മറച്ചു പിടിക്കുന്ന തരത്തിലുള്ളതാണെന്ന വിമർശനങ്ങൾ അമേരിക്കയിലെ ഡെമോക്രറ്റുകൾക്കിടയിൽ നിന്നും അറബ് അമേരിക്കൻ വിഭാഗങ്ങൾക്കിടയിൽ നിന്നും ഉണ്ടായിരുന്നു. അമേരിക്ക ഇസ്രയേലിനു നൽകുന്ന പിന്തുണ അറബ് അമേരിക്കൻ സമൂഹത്തെ ബാധിക്കുന്ന കാര്യം കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ബൈഡൻ തന്നെ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്രയും പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക തുടരുക തന്നെയാണ്. ആയുധ ശേഖരം കൈമാറിയതിനെ കുറിച്ച് വൈറ്റ് ഹൗസോ അമേരിക്കയിലെ ഇസ്രയേലി എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലി പ്രതിരോധ വകുപ്പ് മന്ത്രി യോആവ് ഗാലന്റ് വാഷിങ്ടണിൽ വന്ന് ഇസ്രയേലിന്റെ സൈനിക ആവശ്യങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് ആയുധശേഖരം ഇസ്രയേലിലെത്തുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബർ 7നു നടന്ന ആക്രമണത്തിൽ നിന്നാണ് ഗാസയിലെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഹമാസ് ആണ് ആദ്യം ആക്രമിക്കുന്നത്. തുടർ ആക്രമണങ്ങളിൽ 1200 പേർ കൊല്ലപ്പെടുകയും 253 പേരെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും ചെയ്തു. ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഗാസയിലെ 32000 ജനങ്ങൾ കൊല്ലപ്പെട്ടു.