ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ പോകരുത്, ആക്രമിക്കപ്പെട്ടേക്കാം; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി യുഎസ്
പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അമേരിക്കക്കാര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് യുഎസ് എംബസി. തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഹോട്ടലില്‍ അമേരിക്കക്കാര്‍ക്കുനേരെ ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്നാണ് ഇസ്ലാമാബാദിലെ യുഎസ് എംബസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഴ്ചയുടെ ആരംഭത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തെത്തുടര്‍ന്ന് നഗരം അതീവ സുരക്ഷാ ജാഗ്രതയിലാണ്. അതിനിടെയാണ് യുഎസ് എംബസിയുടെ മുന്നറിയിപ്പ്.
അവധിക്കാലത്ത് ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് അജ്ഞാതര്‍ അമേരിക്കക്കാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം യുഎസ് സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടെന്ന് സുരക്ഷാ മുന്നറിയിപ്പില്‍ എംബസി പറഞ്ഞു. അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ ഹോട്ടല്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. അവധിനാളില്‍ അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി ഉദ്യോഗസ്ഥരോട് അറിയിച്ചു.
ഇസ്ലാമാബാദിലെ പാര്‍പ്പിട മേഖലയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത് രണ്ട് ദിവസത്തിനുശേഷമാണ് എംബസിയുടെ സുരക്ഷാ മുന്നറിയിപ്പ്. പട്രോളിങ്ങിന്റെ ഭാഗമായി പോലീസ് ടാക്‌സി പരിശോധനയക്കായി നിര്‍ത്തിച്ചപ്പോഴായിരുന്നു സ്‌ഫോടനം. പിന്‍സീറ്റ് യാത്രക്കാരന്‍ കൈവശമുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ച് വാഹനം തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ താലിബാന്‍ പിന്നീട് ഏറ്റെടുത്തിരുന്നു.
ചാവേര്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ട്. പട്രോളിങ് ശക്തമാക്കിയതിനൊപ്പം ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
2008 സെപ്റ്റംബറില്‍ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ ചാവേര്‍ ബോംബാക്രമണം നടന്നിരുന്നു. അക്രമികള്‍ ഹോട്ടലിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അത് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 63 പേര്‍ കൊല്ലപ്പെടുകയും 250ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.