തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ അവർ
മരണത്തിലേക്ക് നടന്നു

തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ അവർ മരണത്തിലേക്ക് നടന്നു

അരിസോണയിൽ 3 ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം
Updated on
1 min read

ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയും ശൈത്യവും തുടരുന്ന യുഎസില്‍ മഞ്ഞു പാളിയില്‍ വീണ് ഒരു സ്ത്രീ ഉൾപ്പെടെ 3 ഇന്ത്യന്‍ വംശജര്‍ക്ക് മരണം. ഡിസംബർ 26 ന് ഉച്ചയ്ക്ക് 3:35ഓടെ അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് സംഭവം. പങ്കാളികളായ നാരായണ മുദ്ദാന, ഹരിത മുദ്ദാന എന്നിവരും ഗോകുല്‍ മെഡിസെറ്റിയുമാണ് മരിച്ചത്. മൂവരും അരിസോണയിലെ ചാൻഡ്ലർ നിവാസികളാണ്.തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടയില്‍ മഞ്ഞുപാളിക്ക് ഇടയിലൂടെ ഇവർ താഴേക്ക് വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ അവർ
മരണത്തിലേക്ക് നടന്നു
'നൂറ്റാണ്ടിന്റെ ഹിമപാതം'; അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക, ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

ഹരിതയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തടാകത്തിൽ വീണ നാരായണ, മെഡിസെറ്റി എന്നിവർക്കായി സംഘം തിരച്ചിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു നൂറ്റാണ്ടിനിടെ നേരിടുന്ന ഏറ്റവും വലിയ ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് ഇതുവരെ കൊടുംതണുപ്പിലും വാഹനാപകടങ്ങളിലും 60ലധികം പേർ മരിച്ചെന്നാണ് കണക്കുകള്‍. ശീതക്കൊടുങ്കാറ്റിൻ്റെ ഫലമായി ആയിരക്കണക്കിന് ജനങ്ങളാണ് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ന്യൂയോർക്കില്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്കിലെ ബഫലോ മേഖലയെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്.'ബോംബ് സൈക്ലോണ്‍' എന്ന പ്രതിഭാസമാണ് കൊടുംശൈത്യത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.

logo
The Fourth
www.thefourthnews.in